ആലപ്പുഴ: വീട്ടിൽ മാരകയുധങ്ങളുമായി അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിയ കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. തോണ്ടൻകുളങ്ങരയിൽ സന്ദീപ് ഭവനിൽ മധുകുമാരന് (67) വെട്ടേറ്റ സംഭവത്തിൽ പ്രതികളായ പാതിരപ്പള്ളി മണിമംഗലം വീട്ടിൽ കാലൻ ജോസ് (33), പാതിരപ്പള്ളി വെള്ളപ്പാടി കോളനിയിൽ രാഹുൽ (27), കണ്ണൻ (34), കഞ്ഞിക്കുഴി ചിറയിൽ വീട്ടിൽ അനൂപ്് എന്നിവരെയാണ് നോർത്ത് പൊലീസ് സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ 14ന് രാത്രി 11.30നായിരുന്നു സംഭവം. മധുകുമാരെൻറ മകൻ സന്ദീപും കാലൻ ജോസുമായിട്ടുള്ള കുടിപ്പകയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സന്ദീപിനെ കൊല്ലുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അപകടമറിഞ്ഞ സന്ദീപ് വീടിെൻറ പിറകുവശംവഴി ഓടിക്കളയുകയായിരുന്നു.
രാത്രി ചേർത്തലയിൽ കൂട്ടുകാരെൻറ കല്യാണച്ചടങ്ങിൽ പങ്കെടുത്തശേഷമാണ് പ്രതികൾ ചത്തനാട് എത്തിയത്. കാലൻ ജോസ് മൂന്ന് കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ട ആക്ട് പ്രകാരം ജയിൽശിക്ഷ അനുഭവിച്ചയാളും മറ്റു പ്രതികൾ കഞ്ചാവ് കച്ചവടം തുടങ്ങി ക്രിമിനൽ കേസുകളിൽ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ കെ.പി. വിനോദിെൻറ നേതൃത്വത്തിൽ എസ്.ഐ നിതിൻരാജ്, സി.പി.ഒമാരായ എൻ.എസ്. വിഷ്ണു, വി.കെ. ബിനുമോൻ, വികാസ് ആൻറണി, ശ്യാം, സാഗർ, വിഷ്ണു ആനന്ദ്, ലാലു അലക്സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.