കമിതാക്കളെ ഭീഷണിപ്പെടുത്തി മാല കവർന്ന സംഭവം: പ്രധാനപ്രതി ഒളിവിൽ
text_fieldsആലപ്പുഴ: കടപ്പുറത്ത് കമിതാക്കളെ ഭീഷണിപ്പെടുത്തി സ്വർണമാല തട്ടിയ സംഭവത്തിൽ പ്രധാനപ്രതി ഒളിവിൽ. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ആലപ്പുഴ കടപ്പുറത്ത് അയ്യപ്പൻപൊഴി ഭാഗത്തായിരുന്നു സംഭവം.കമിതാക്കളുടെ ചിത്രവും വിഡിയോയും എടുത്തശേഷമാണ് പ്രതി പണം ആവശ്യപ്പെട്ടത്. വഴങ്ങാതായതോടെ യുവാവിനെ മർദിച്ച് മാലയും ഫോണും കൈക്കലാക്കി. എന്നാൽ, പ്രതിയെ യുവാവ് പിന്തുടർന്നതോടെ ഫോൺ മടക്കിനൽകി.
യുവതിയെ വീട്ടിലാക്കിയ ശേഷമെത്തി യുവാവ് ടൂറിസം പൊലീസിൽ പരാതി നൽകി. ഇതേസമയം സമാനമായി വള തട്ടിയെടുത്തുവെന്ന് ആരോപിച്ച് മറ്റൊരു യുവതിയും പരാതി നൽകി. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ഒരു യുവാവ് കാറ്റാടിഭാഗത്തുനിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടു. ഇയാളെ പിന്തുടർന്ന് പിടികൂടിയപ്പോൾ കഞ്ചാവ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും കമിതാക്കളുടെ മാലകവർന്ന സംഭവവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മാല തട്ടിയെടുത്ത പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് സമാനമായി അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടിയസംഭവത്തിലെയും പ്രതിയാണിയാൾ. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
അതേസമയം, ക്രിമിനൽ സംഘങ്ങളെ നേരിടേണ്ട ടൂറിസം പൊലീസിൽ അംഗബലം കുറവാണ്. നിലവിൽ രണ്ട് പൊലീസുകാരാണുള്ളത്. ഇവരാണ് ആയിരക്കണക്കിന് പേർ എത്തുന്ന ആലപ്പുഴ ബീച്ചിലെ കാര്യങ്ങൾ നോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

