തോട്ടപ്പള്ളി പൊഴി മുറിക്കും; സിറ്റി ഗ്യാസ് പൈപ്പ്ലൈന് പണി നിർത്തും
text_fieldsആലപ്പുഴ: അടിയന്തര സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിമുറിക്കാന്‍ തീരുമാനം. ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപം കൊള്ളുന്നതും മഴക്കെടുതിയിലെ മറ്റ് സുരക്ഷാനടപടികളും ചര്‍ച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് തീരുമാനം. കൃഷി മന്ത്രി പി. പ്രസാദ് ഓണ്‍ലൈനായി പങ്കെടുത്തു. അടിയന്തര സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിമുറിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. മഴപെയ്തതോടെ ദേശീയപാതയോരത്ത് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ താത്കാലിക കൽവെര്‍ട്ടുകള്‍ സ്ഥാപിച്ച് അടിയന്തരമായി നീക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയപാത അതോറിറ്റിയെ ജലസേചന വകുപ്പ് സഹായിക്കും. ദേശീയപാതയില്‍ അരൂര്‍ മുതല്‍ കായംകുളം വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന 56 സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കേണ്ട അടിയന്തര സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ ഉടനടി പരിഹരിക്കും. ആവശ്യമായ ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ ലൈറ്റ് സ്ഥാപിക്കും. മഴക്കെടുതികള്‍ കണക്കിലെടുത്ത് സിറ്റി ഗ്യാസ് പൈപ്പ്ലൈന് പണികള്‍ താത്കാലികമായി നിര്‍ത്തിവെപ്പിക്കാനും യോഗം തീരുമാനിച്ചു. ദേശീയപാതയോരത്തെ സ്കൂളുകളിലേക്ക് വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടക്കാനുള്ള സാഹചര്യമൊരുക്കും. ചില സ്കൂളുകള്‍ക്കുമുന്നില്‍ മണ്ണ് കൂട്ടിയിട്ടത് നീക്കും. സ്ദേശീയപാതയോരത്തെ സ്കൂളുകള്‍ക്കു മുന്നില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കും. ജല അതോറിറ്റി വകുപ്പിന്റെ പൈപ്പ് പൊട്ടുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങളില്‍ അടിയന്തര പരിഹാരം കാണാനും കുടിവെള്ള സുരക്ഷ ഉറപ്പാക്കാനും യോഗം നിര്‍ദേശിച്ചു. മോശം സ്ഥിതിയിലുള്ള സര്‍വീസ് റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തും.
കായംകുളം കെ.എസ്.ആര്.ടി.സി. സ്റ്റാന്റിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ട് നീക്കാന്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടിയെടുക്കും.
പുറക്കാട് പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് നീക്കാത്തതുമൂലം വെള്ളക്കെട്ടിലാകുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് അരൂര്‍ മേഖലയില്‍ കാല്‍നടയാത്രക്കാരുടെയും റോഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടി കൈക്കൊള്ളും.
യോഗത്തില്‍ എം.എല്‍.എ.മാരായ യു. പ്രതിഭ, എച്ച്. സലാം, പി.പി. ചിത്തരഞ്ജന്, ദലീമ ജോജോ, ജില്ല കലക്ടര്‍ അലക്സ് വര്‍ഗീസ്, ഹരിപ്പാട് എം.എല്‍.എ.യുടെ പ്രതിനിധി ജോണ്‍ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

