തോട്ടപ്പള്ളിയിൽ പൊഴി മുറിക്കൽ തുടങ്ങി
text_fieldsതോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്തെ മണ്ണ് നീക്കംചെയ്യുന്നു
ആലപ്പുഴ: കാലവർഷം കടുക്കാനുള്ള സാധ്യത കണക്കാക്കി തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം മുറിക്കുന്ന ജോലികൾ ആരംഭിച്ചു. കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുട്ടനാടൻ മേഖല മുങ്ങാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് മഴയുടെ തുടക്കത്തിലേ തോട്ടപ്പള്ളിയിൽ പൊഴിമുറിക്കുന്നത്.
ജില്ലയിൽ ഞായറാഴ്ച ശക്തമായ മഴയാണുണ്ടായത്. കാറ്റ് ശക്തമായി വീശാതിരുന്നതിനാൽ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. കടൽക്ഷോഭം തുടരുന്നുണ്ട്. ഉൾക്കടലിൽ മറിഞ്ഞ കപ്പലിൽനിന്നുള്ള എണ്ണയും കണ്ടെയ്നറുകളും തീരത്ത് എത്തുമോ എന്ന ആശങ്ക നിലനിൽകുന്നു.
ജില്ലയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ദേശീയപാത മുഴുവൻ ചളിക്കുളമായ നിലയിലാണ്. നിർമാണത്തിന് ഇറക്കിയിട്ട മണ്ണും മെറ്റലും കൂടിക്കുഴഞ്ഞ ചളി താണ്ടിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഞായറാഴ്ച എൻ.ജി.ഒ യൂനിയന്‍ സമ്മേളനം ഉദ്ഘാനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയും ചളി നിറഞ്ഞ റോഡിലൂടെയാണ് എത്തിയത്.
ഞായറാഴ്ച രാവിലെ മുതലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോട്ടപ്പള്ളി പൊഴിമുഖം തുറക്കാനുള്ള നടപടികൾ ആരംഭിച്ചത്. മഴ കടുക്കുന്നതോടെ കിഴക്കൻ വെള്ളത്തിന്റെ വരവ് നിയന്ത്രിക്കാനാണ് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ജോലി ആരംഭിച്ചത്. നിലവിൽ 20 മീറ്റർ വീതിയിലും 2.5 മീറ്റർ ആഴത്തിലുമാണ് മണ്ണ് നീക്കം ചെയ്യുന്നത്.
തീരത്തുനിന്നും 200 മീറ്റർ നീളത്തിൽ മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കുന്ന ജോലികൾ തുടരും. സ്പിൽവേക്ക് കിഴക്ക് ഭാഗത്തായി ജലനിരപ്പ് 1.30 ഘന അടിയാണ്. ഇത് 1.60 ഘന അടിയായി ഉയരുമ്പോഴാണ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുന്നതെന്ന് ഇറിഗേഷൻ വകുപ്പ് ഇ.ഇ എം.സി. സജീവ്കുമാര്‍ പറഞ്ഞു. വെള്ളം ഇറങ്ങുന്നതനുസരിച്ച് ചാലിന്റെ ഇരുവശത്തുനിന്നും മണ്ണ് നീക്കി വീതികൂട്ടും.
തീരത്തുനിന്നും 25 മീറ്ററോളം കിഴക്ക് മാറിവരെ പൊഴിമുറിക്കും. കണ്ടെയ്നർ മറിഞ്ഞ് കടലിൽ മറൈൻ ഓയിൽ പരക്കുന്നതായ വിവരത്തെ തുടർന്നുള്ള സംരക്ഷണം കണക്കാക്കിയാണ് തീരത്തോട് ചേർന്ന് പൊഴിമുറിക്കാതിരിക്കുന്നത്. പൊഴിമുഖം പൂർണമായും തുറന്നാൽ ഓയിൽ വ്യാപിച്ച് ഉൾനാടൻ മത്സ്യങ്ങൾ നശിക്കാൻ സാധ്യതയുള്ളതിനാലാണ് മുന്‍കരുതല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

