ദേശീയപാതക്കായി പൊളിക്കേണ്ടിവന്ന കെട്ടിടങ്ങൾ നവീകരിച്ചവർ നമ്പർ കിട്ടാതെ വലയുന്നു
text_fieldsആലപ്പുഴ: ദേശീയപാതക്കായി സ്ഥലം ഏറ്റെടുത്തതോടെ പൊളിക്കേണ്ടി വന്ന കെട്ടിടങ്ങൾ നവീകരിച്ചവർ നമ്പർ കിട്ടാതെ വലയുന്നു. അത്തരത്തിൽ നവീകരിച്ചവക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടനമ്പര്‍ അനുവദിക്കാൻ തയാറാകുന്നില്ല. ദേശീയപാതക്കായി പൊളിച്ച കെട്ടിടത്തിന്റെ ശേഷിച്ച ഭാഗം കെട്ടിയുറപ്പിച്ചെടുത്ത വീടുകളും കടകളുമാണ് നമ്പർ ലഭിക്കാത്ത അവസ്ഥയിലുള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍ നമ്പര്‍ നല്കിയാല് മാത്രമേ ലൈസന്‍സ് ആവശ്യമായ വ്യാപാരസ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവക്ക് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. കെട്ടിടങ്ങളുടെ ബാക്കിഭാഗം നവീകരിച്ചപ്പോള്‍ പ്രത്യേക അനുമതി വാങ്ങിയിരുന്നില്ല. റോഡിൽനിന്ന് മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നമ്പർ നിരസിക്കുന്നത്. മിക്ക കെട്ടിടങ്ങളും പൂർണമായും പൊളിച്ചിരുന്നില്ല. ഹൈവേ അതോറിറ്റി ഏറ്റെടുത്ത സ്ഥലം വിട്ടു നൽകിയപ്പോൾ പൊളിച്ചു നീക്കേണ്ടിവന്ന ഭാഗത്തിന്റെ അവശേഷിപ്പ് നവീകരിച്ചവരും നമ്പറില്ലാതെ വലയുകയാണ്. അവർക്ക് നിലവിലുണ്ടായിരുന്ന നമ്പർ ഉപയോഗിക്കാനാവില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങൾ പറയുന്നത്. പുതിയതിന് അപേക്ഷിക്കാൻ നിർദേശിക്കുകയും ചെയ്യുന്നു. കെട്ടിട നമ്പറിന് ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ നിശ്ചിത അകലം പാലിച്ചിട്ടുണ്ടോയെന്ന കോളം പൂരിപ്പിക്കാറില്ല. ഇതോടെ അപേക്ഷകള്‍ തിരസ്കരിക്കപ്പെടുന്നു.
നേരിട്ട് വാങ്ങരുതെന്ന് വകുപ്പിന്റെ നിര്‍ദേശമുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. തുറവൂര്‍ മുതല്‍ ഓച്ചിറവരെ ആയിരത്തിലേറെ കെട്ടിട ഉടമകളാണ് നമ്പറിനായി കാത്തിരിക്കുന്നത്. പഴയ നമ്പർ ഉപയോഗിക്കാനാവില്ലെന്നാണ് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നതെങ്കിലും ഓൺലൈനിൽ അതേ നമ്പറിൽ കെട്ടിട നികുതി സ്വീകരിക്കുന്നുമുണ്ട്.
നിബന്ധനയില്‍ ഇളവുവരുത്തണമെന്ന ആവശ്യം ശക്തമാണ്. ഇളവ് അനുവദിച്ച് ദേശീയപാത അതോറിറ്റിയോ സർക്കാറോ ഉത്തരവിറക്കാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

