ഇത്തവണ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യം
text_fieldsഅഡ്വ. വിൻസന്റ് ജോസഫ്
ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. 2014 മുതൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി അതിന്റെ ഫാഷിസ്റ്റ് അജണ്ടകൾ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കി വരുന്നു. രാജ്യത്തിന്റെ നട്ടെല്ലായ ജനാധിപത്യ ഭരണഘടനയെ എന്നും പുച്ഛത്തോടെ കാണുന്ന സമീപനമാണ് ഫാഷിസ്റ്റുകൾ സ്വീകരിച്ചിരുന്നത്.
പൗരൻമാരുടെ ജനാധിപത്യ അവകാശങ്ങൾ വിവിധ നിയമ ഭേദഗതികളിലൂടെ ഇല്ലായ്മ ചെയ്തു. പാർശ്വവത്കൃത ജനവിഭാഗത്തിനായി സംസാരിക്കുന്നവരെ ജയിലിൽ അടക്കാൻ യു.എ.പി.എ നിയമത്തിൽ ഭേദഗതി വരുത്തി. ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ അധികാര അവകാശങ്ങൾ എടുത്ത് കളഞ്ഞത് ജനാധിപത്യ സമൂഹത്തിനുള്ള മുന്നറിയിപ്പാണ്. മൂന്ന് ലക്ഷത്തോളം പട്ടാളക്കാരെയാണ് ഇതിനായി തെരുവിലിറക്കിയത്.
ജനതയെ ഗൺ പോയന്റിലേക്ക് കൊണ്ടുവന്നാണ് അധികാര ധാർഷ്ട്യത്തിലൂടെ പ്രതിഷേധ സ്വരങ്ങൾ ഇല്ലാതാക്കിയത്. മുസ്ലിം ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായി ഉയർത്തിക്കാട്ടാൻ തന്ത്രങ്ങളും കുതന്ത്രങ്ങളും ഒരുക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമങ്ങളിലൂടെ ഭൂരിപക്ഷത്തിന്റെ ഏകീകരണ അജണ്ട ബോധപൂർവം നടപ്പിലാക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിലൂടെ ഫാഷിസ്റ്റുകൾ നിഗൂഡ പദ്ധതികളാണ് ലക്ഷ്യമാക്കുന്നത്. പൗരത്വ പട്ടികയിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കുന്നതിലൂടെ നൽകുന്ന സന്ദേശവും അപകടകരമാണ്. ഇതുമായി ബന്ധപ്പെട്ട് 300ഓളം കേസുകൾ സുപ്രീം കോടതിക്ക് മുന്നിലുള്ളപ്പോഴാണ് നടപടിയെന്നത് നിയമ വ്യവസ്ഥയോടുള്ള സമീപനവും വ്യക്തമാക്കുന്നു. ഇത്തരത്തിൽ രാജ്യത്തിന്റെ സമസ്ത മേഖലകളിലും സമഗ്രാധിപത്യം ഉറപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ലോക് സഭയിൽ പിടിമുറുക്കിയവർക്ക് രാജ്യസഭ കൈപ്പിടിയിലാക്കാൻ അധിക സമയം വേണ്ട. 1973ലെ കേശവാനന്ദ ഭാരതി കേസിലെ വിധിയുടെ ബലത്തിലാണ് ഭരണഘടന നിലനിൽക്കുന്നത്. 13 അംഗ ബഞ്ചിന്റെ ഈ വിധിയെ മറികടക്കാൻ 15 അംഗ ബെഞ്ച് വരുന്നത് വിദൂരമല്ല. സംഘ്പരിവാറിന്റെ താൽപ്പര്യക്കാർ വിധികർത്താക്കളായി ഉയർന്ന കോടതികളിൽ എത്തിത്തുടങ്ങി.
ജനാധിപത്യത്തെ പണാധിപത്യത്താൽ മറികടക്കുന്ന സാഹചര്യവും രാജ്യത്ത് നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിന് ഉയർന്ന പ്രാധാന്യമുണ്ട്. ഫാഷിസ്റ്റുകൾക്ക് സമഗ്രാധിപത്യമുള്ള സഭയാണ് വരുന്നതെങ്കിൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്നത് സംശയമാണ്. ഇനി തെരഞ്ഞെടുപ്പ് വന്നാൽ മുസ്ലിംകൾ, പിന്നെ ക്രിസ്ത്യാനികൾ, തുടർന്ന് കമ്യൂണിസ്റ്റുകൾ എന്നീ വിഭാഗങ്ങൾക്ക് വോട്ട് കാണുമോയെന്നതും കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

