മാരാരിക്കുളം: കാഴ്ചയുടെ പുതുവസന്തം കാണാം. ശുദ്ധവായു ശ്വസിക്കാം, വിഷമില്ലാത്ത പഴവും പച്ചക്കറിയും വാങ്ങാം, ജൂസ് കുടിക്കാം.
ഹരിത വിനോദസഞ്ചാരത്തിന് പുതിയ മാനങ്ങൾ തീർത്ത് ഹരിതമനോഹര കാഴ്ചകൾ സമ്മാനിക്കുകയാണ് ചേർത്തല തിരുവിഴ ഫാം ടൂറിസം. തിരുവിഴ ദേവസ്വത്തിന്റെ ഏഴര ഏക്കർ ഭൂമിയിലാണ് ഹരിതോദ്യാനം. ചേർത്തല തെക്ക് പഞ്ചായത്ത്, ചേർത്തല തെക്ക് കൃഷിഭവൻ, ചേർത്തല തെക്ക് സർവിസ് സഹകരണ ബാങ്ക്, തിരുവിഴേശ്വരൻ ജെ.എൽ.ജി ഗ്രൂപ് എന്നിവയുടെ സംയുക്ത സംരംഭമാണിത്.
തിരുവിഴ ദേവസ്വത്തിന്റെ കാടുപിടിച്ച ഭൂമിയിലാണ് പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കിയത്. പയര്‍, കുക്കുമ്പര്‍, പടവലം, ചീര, വെണ്ട, മത്തന്‍, ഇളവന്‍, വെള്ളരി, തക്കാളി, പച്ചമുളക്, പാവല്‍, കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയ വിളകള്‍ തോട്ടത്തില്‍നിന്ന് നേരിട്ട് വാങ്ങാം. സൂര്യകാന്തി, ബന്തി, റോസ് പൂക്കളും ഉണ്ട്. നാടന്‍ ഭക്ഷണവും ലഭിക്കും.
കര്‍ഷകരായ ജ്യോതിഷ് കഞ്ഞിക്കുഴി, അനില്‍ ലാല്‍ എന്നിവരുടെ കീഴിലെ സംഘമാണ് കൃഷിക്ക് ചുക്കാന്‍ പിടിക്കുന്നത്. തിരുവിഴ ദേവസ്വം പ്രസിഡന്റ് പ്രഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്, ചേര്‍ത്തല തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പത്മം, ചേര്‍ത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി.വി. റെജി, കൃഷി ഓഫിസർ റോസ്മി ജോര്‍ജ് ചേര്‍ത്തല തെക്ക് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ദുര്‍ഗദാസ്, പഞ്ചായത്ത് അംഗം ആർ. ബെൻസിലാൽ തുടങ്ങിയവർ പദ്ധതിക്ക് നേതൃത്വം നൽകുന്നു. മന്ത്രി പി. പ്രസാദ് ഇവിടെ സ്ഥിരം സന്ദർശകനാണ്.
പച്ചക്കറി രൂപങ്ങള്‍ സിമന്റിൽ
തണ്ണിമത്തന്, വഴുതന, തക്കാളി, പപ്പായ എന്നിവയുടെ മാതൃകകൾ സിമന്റിൽ തീർത്തത് ഇവിടെ കാണാം. സതീഷ് മേച്ചേരിയുടെ നേതൃത്വത്തിലാണ് സിമന്റില്‍ സുന്ദര രൂപങ്ങള്‍ തീര്‍ത്തിരിക്കുന്നത്. കമ്പിയില്‍ രൂപം ഒരുക്കിയ ശേഷം സിമന്റ് മിശ്രിതം പൂശി പെയിന്റ് ചെയ്തെടുക്കുന്ന ശിൽപങ്ങള് ഇരിപ്പിടങ്ങളായും ഉപയോഗിക്കാം.
ആരോഗ്യസുരക്ഷ പദ്ധതി
ജീവിതശൈലീരോഗ പ്രതിരോധത്തിന് പുലർകാലത്തുള്ള വ്യായാമത്തിന് ഫാമിൽ അവസരം ഒരുക്കുന്ന പദ്ധതിയാണിത്. ശുദ്ധ വായു ശ്വസിച്ച് പച്ചക്കറികളുടെയും പൂക്കളുടെയും ശോഭ നുകർന്ന് വ്യായാമം നടത്തുന്നവർക്ക് ജീവിതശൈലീരോഗ പ്രതിരോധ പാനീയങ്ങളും നൽകുന്നുണ്ട്. രാവിലെ ഇവിടെ ഓട്ടവും നടത്തവും കഴിഞ്ഞാൽ തോട്ടത്തിൽതന്നെ വിളയിച്ച വിഭവങ്ങൾ ജൂസാക്കി നൽകും. പരിസ്ഥിതി പ്രവർത്തകൻ കെ.വി. ദയാലിന്റെ നിർദേശാനുസരണമാണ് പാനീയം തയാറാക്കുന്നത്.