നെല്ലെടുക്കാൻ ആരുമില്ല; കർഷകർ ആശങ്കയിൽ
text_fieldsഅമ്പലപ്പുഴ: കൊയ്തെടുത്ത നെല്ല് കൂട്ടിയിട്ടിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും എടുക്കാൻ മില്ലുകാർ തയ്യാറാകാത്തതോടെ ആശങ്കയിലായിരിക്കുകയാണ് കർഷകർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം കാട്ടുകോണം, പട്ടത്താനം, അമ്പലക്കടവ് പാടശേഖരങ്ങളിൽ നിന്ന് കൊയ്തെടുത്ത കോടിക്കണക്കിന് രൂപയുടെ നെല്ലാണ് സംഭരണം തടസപ്പെട്ടതിനെത്തുടർന്ന് പാടശേഖരങ്ങളിലും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുന്നത്. 50 ഓളം ലോഡ് നെല്ല് മഴ ഭീഷണിയിൽ കെട്ടിക്കിടക്കുകയാണ്.
15 ദിവസം മുമ്പ് കൊയ്ത്ത് പൂർത്തിയാക്കിയതാണ്. കൃഷി ഇറക്കിയതിന് ശേഷമുള്ള ഓരുവെള്ളത്തിൽ നെല്ലിന് മതിയായ ഗുണനിലവാരമില്ലെന്നുള്ള കാരണം പറഞ്ഞാണ് മില്ലുടമകൾ നെല്ലെടുക്കാത്തത്. കർഷകരുടെ മാസങ്ങൾ നീണ്ട അധ്വാനത്തിന്റെ കൂലിയാണ് വഴിയോരങ്ങളിൽ ആർക്കും വേണ്ടാതെ കൂട്ടിയിട്ടിരിക്കുന്നത്. ഗുണനിലവാരം കുറവാണെങ്കിൽ തൂക്കത്തിൽ കിഴിവ് നൽകാമെന്ന് കർഷകർ പറയുന്നുണ്ടെങ്കിലും വെറുതെ തന്നാലും വേണ്ടെന്ന മട്ടിലാണ് മില്ലുടമകൾ.
ഏക്കറിന് 25,000 രൂപ വരെ ചെലവിട്ടാണ് കർഷകർ തങ്ങളുടെ അധ്വാനം വിയർപ്പാക്കിയത്. ഇതിനിടെ ഉണ്ടായ ഉപ്പുവെള്ള ഭീഷണിയെ അതിജീവിച്ചാണ് കർഷകർ സ്വർണം പണയം വെച്ചും അമിത പലിശക്ക് വായ്പയെടുത്തും കൊയ്ത്ത് പൂർത്തിയാക്കിയത്. സപ്ലൈകോ ചുമതലപ്പെടുത്തിയ മില്ലുടമകളുടെ ഏജന്റുമാരെത്തിയെങ്കിലും 23 കിലോ വരെ കിഴിവാണ് ആവശ്യപ്പെട്ടത്. പിന്നീടിത് 27 വരെയായി. ഈ കിഴിവിലും നെല്ല് നൽകാൻ കർഷകർ തയാറായെങ്കിലും പിന്നീട് നെല്ല് മോശമാണെന്ന് പറഞ്ഞ് മില്ലുടമകൾ സംഭരണത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
ഇതിനുശേഷം പാഡി ഓഫിസറെത്തിയെങ്കിലും സംഭരണകാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഇതോടെയാണ് കർഷകർ ദുരിതത്തിലായത്. കൂട്ടിയിട്ടിരിക്കുന്ന നെല്ല് പലയിടത്തും കിളിർക്കാനും തുടങ്ങി. ഇതോടെ നെല്ല് നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ.കൃഷി ചെയ്തില്ലെങ്കിൽ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവർ മാസങ്ങൾ നീണ്ട അധ്വാനത്തിനൊടുവിൽ കൃഷി പൂർത്തിയാക്കിയത്. ഒടുവിൽ സർക്കാർ തങ്ങളെ ഉപേക്ഷിച്ചുവെന്നാണ് ഇവരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

