നയനമനോഹരം നയനെൻറ പാടത്തെ 'ചുണ്ടൻവള്ളം' ഇക്കുറിയും പുന്നമടയിൽ നെഹ്റു ട്രോഫിയില്ല
text_fieldsനയനെൻറ പാഡി ആർട്ടിൽ കുട്ടനാടൻ ചുണ്ടൻവള്ളം
ആലപ്പുഴ: പുന്നമടയിൽ നെഹ്റു ട്രോഫി വള്ളംകളിയുടെ ആരവമില്ലെങ്കിലും നയനെൻറ പാടത്തെ 'ചുണ്ടൻവള്ളം' നാട്ടുകാർക്കും വള്ളംകളി പ്രേമികൾക്കും ആവേശമാകുന്നു. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കേണ്ട നെഹ്റു ട്രോഫി കോവിഡ് പ്രതിസന്ധിയിൽ ഇക്കുറിയും മുടങ്ങിയതിെൻറ നിരാശയിൽ കഴിയുന്ന കുട്ടനാടൻ ജനതയുടെ വീണ്ടെടുപ്പാണ് പാടത്ത് നിറഞ്ഞിരിക്കുന്നത്.
പാഡി ആർട്ടിൽ കുട്ടനാടൻ ചുണ്ടൻവള്ളം ഒരുക്കി വള്ളംകളി പ്രേമികളെ ആവേശം കൊള്ളിക്കുന്നത് ജൈവ കർഷകനായ സി.സി. നയനനാണ്. ജപ്പാനിലും ചൈനയിലും വിനോദസഞ്ചാരികളെ ആകർഷിക്കാൻ പാഡി ആർട്ട് ചെയ്യാറുണ്ട്. നാടൻ നെല്ലിനങ്ങളെ ഉൾപ്പെടുത്തിയാണ് നയനൻ പാഡി ആർട്ട് ചെയ്തത്. ഇലകൾ വയലറ്റ് കളറായ കറുവാച്ചിയാണ് ചുണ്ടൻവള്ളമായത്. ഔഷധമൂല്യമുള്ള രക്തശാലി, കൃഷ്ണ കാമോദ് എന്നീ നാടൻ നെല്ലിനങ്ങളാണ് ചുറ്റിലുമുള്ളത്. നെല്ല് പാകമാകുന്നതോടെ കാഴ്ച കൂടുതൽ ഭംഗിയാകും.
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജ് ജീവനക്കാരൻ പോഞ്ഞിക്കര തിരുമല വാർഡ് ചിത്രാലയത്തിൽ സി.സി. നയനൻ നേരേത്ത രക്തശാലി നെല്ല് വിളയിച്ച് ജൈവകൃഷിയിൽ ചരിത്രം രചിച്ചിരുന്നു. കനത്ത വെള്ളപ്പൊക്കത്തിൽ 110 ഏക്കറിൽ 109.50 ഏക്കറും നശിച്ചപ്പോൾ അവശേഷിച്ചത് നയനെൻറ നാടൻ നെൽവിത്തിനമായ രക്തശാലി മാത്രമായിരുന്നു.21ദിവസം വെള്ളത്തിലായിട്ടും ഫീനിക്സ് പക്ഷിയപോലെ ഉയർത്തെഴുന്നേൽക്കുകയായിരുന്നു രക്തശാലി. തുടന്ന് കറുത്ത അരി കൃഷി ചെയ്തിരുന്നു. രണ്ടര ഏക്കറിൽ ഔഷധഗുണമുള്ള രക്തശാലി, കറുത്ത അരി, കൃഷ്ണ കാമോദ്, കറുവാച്ചി, ഡൽഹി ബസുമതി എന്നീ അഞ്ചിനം ഇപ്പോൾ കൃഷി ചെയ്യുന്നു.