ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ തീയതി മാറ്റുന്നത് സംബന്ധിച്ച് മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭിന്നത. സി.ബി.എൽ നവംബർ ഒന്നിന് നടത്തിയശേഷം നെഹ്റു ട്രോഫി നടത്തിയാൽ മതിയെന്ന നിർദേശത്തെ കുറിച്ച് അഭിപ്രായം തേടുന്നതിനായി സർക്കാർ നിർദേശ പ്രകാരം ജില്ല കലക്ടർ വിളിച്ചതായിരുന്നു യോഗം. ഇതിൽ മന്ത്രി പങ്കെടുക്കുകയായിരുന്നു. സി.ബി.എൽ നവംബർ ഒന്നിനും തുടർന്ന് ജവഹർലാൽ നെഹ്റുവിന്‍റെ ജന്മദിനമായ നവംബർ 14ന് നെഹ്റു ട്രോഫിയും എന്നതായിരുന്നു നിർദേശം.
ഇതുവരെ നടത്തിവന്ന ആഗസ്റ്റ് കാലാവസ്ഥ മാറിയതോടെ മഴക്കാലമാണ്. ഈ സാഹചര്യത്തിൽ വെള്ളപ്പൊക്കക്കാലത്താകും ഇപ്പോഴത്തെ നിലയിൽ വള്ളംകളി. ഇത് വേണ്ടെന്നായിരുന്നു പങ്കെടുത്തവരിൽ ഭൂരിപക്ഷം പറഞ്ഞത്.
ടൂറിസം സീസൺ കണക്കിലെടുത്ത് വള്ളംകളിയുടെ തീയതി മാറ്റണമെന്ന് ഈ വിഭാഗം നിലപാടെടുത്തെന്നും കലക്ടർ ഡോ. രേണുരാജ് സ്ഥിരീകരിച്ചു. തീയതി മാറ്റുന്നതിനെ ചിലർ ശക്തമായി എതിർത്തെന്നും അധികൃതർ പറയുന്നു. ഈ സാഹചര്യത്തിൽ അഭിപ്രായങ്ങൾ സർക്കാറിനെ അറിയിച്ച് ഉന്നതതല ചർച്ച നടത്തി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് കലക്ടർ പറഞ്ഞു.
വള്ളംകളി 2018ലും 2019ലും വെള്ളപ്പൊക്കത്തെ തുടർന്ന് തീയതി മാറ്റിയാണ് നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം 2020ലും 2021 ലും നടത്തിയില്ല. കേരളത്തിൽ ടൂറിസ്റ്റുകൾ അധികവും വരുന്നത് നവംബർ -ഡിസംബർ മാസങ്ങളിലാണ്. ഇതെല്ലാം കണക്കിലെടുത്ത് നവംബറിലേക്ക് മാറ്റണമെന്നാണ് ബോട്ട്ക്ലബുകളുടെ ആവശ്യം. കേരള ബോട്ട്ക്ലബ് അസോസിയേഷൻ പ്രസിഡന്‍റ് ജയിംസ്കുട്ടി ജേക്കബ്, സെക്രട്ടറി എസ്.എം ഇക്ബാൽ തുടങ്ങിവർ ഈ നിലപാടിലാണ്. എന്നാൽ, എ.എ. ഷുക്കൂർ, ജോയിക്കുട്ടി ജോസ് തുടങ്ങിവർ ആഗസ്റ്റിലെ രണ്ടാം ശനി എന്നതിൽ മാറ്റം വേണ്ടെന്നും വാദിച്ചു. തീയതി മാറ്റുന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ഈ യോഗത്തിന് അധികാരമില്ലെന്ന നിലപാടാണ് ചുണ്ടൻവള്ളം ഉടമ സംഘം പ്രസിഡന്‍റ് ആർ.കെ. കുറുപ്പ് സ്വീകരിച്ചത്.
1954 മുതൽ ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തിവരുന്ന നെഹ്റുട്രോഫി വള്ളംകളി മറ്റൊരു തീയതിയിലേക്ക് മാറ്റുന്നത് ഉചിതമല്ലെന്ന് എൻ.ഡി.ബി.ആർ.സൊസൈറ്റി എക്സിക്യൂട്ടീവ് അംഗവും നിരവധിതവണ നെഹ്റു ട്രോഫി കരസ്ഥമാക്കിയ വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ രക്ഷാധികാരിയുമായ മാത്യു ചെറുപറമ്പൻ അഭിപ്രായപ്പെട്ടു.