Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴക്ക്...

ആലപ്പുഴക്ക് പ്രതീക്ഷയേറെ; ബജറ്റിൽ നിരവധി പദ്ധതികൾ

text_fields
bookmark_border
ആലപ്പുഴക്ക് പ്രതീക്ഷയേറെ; ബജറ്റിൽ നിരവധി പദ്ധതികൾ
cancel

ആലപ്പുഴ: സംസ്ഥാന ബജറ്റിൽ ആലപ്പുഴക്ക് പ്രതീക്ഷകളേറെ. വിനോദസഞ്ചാരം, ആരോഗ്യരംഗം, തീരദേശ വികസനം, അടിസ്ഥാനസൗകര്യം എന്നിവയിൽ വിവിധ പദ്ധതികളാണ് ഇടംപിടിച്ചത്. ആലപ്പുഴയെ സംസ്ഥാനത്തിന്റെ ബ്ലൂ ഇക്കണോമി തലസ്ഥാനമായി വികസിപ്പിക്കുമെന്ന പ്രഖ്യാപനമാണ് ഏറ്റവും പ്രധാനം. ഹരിപ്പാട് പുതിയ മെഡിക്കൽകോളജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആരോഗ്യരംഗത്ത് പുത്തനുണർവേകും. ടൂറിസം മേഖലയിൽ ആലപ്പുഴ കേന്ദ്രമാക്കിയുള്ള വികസനപ്രവർത്തനങ്ങളും ഇടംപിടിച്ചിട്ടുണ്ട്. യു.പി.എ സർക്കാരിന്‍റെ കാലത്ത് കേന്ദ്ര സഹായത്തോടെ നടപ്പാക്കിയ മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി നിർമിച്ച ടൂറിസം അമിനിറ്റി സെന്ററുകളും ഹൗസ്ബോട്ട് ടെർമിനലുകളും നവീകരിച്ച് വീണ്ടും ഉപയോഗപ്രദമാക്കും.

ഹൗസ്ബോട്ടുകളിലെ മാലിന്യം ഉൾപ്പെടെയുള്ളവ സംസ്കരിക്കുന്നതിന് ആലപ്പുഴയിൽ ആധുനിക മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കും.ജില്ലയിലെ പ്രധാന ആരാധനാലയങ്ങളെയും ചരിത്ര സ്മാരകങ്ങളെയും ബന്ധിപ്പിച്ച് പുതിയ തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയാണ് മറ്റൊന്ന്. അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാക്കാഴം പള്ളി, മണ്ണാറശാല ക്ഷേത്രം, കൃഷ്ണപുരം കൊട്ടാരം, ഇതിനുപുറമെ മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവിടങ്ങളിൽ ബന്ധിപ്പിച്ചാണ് പദ്ധതി.

വേമ്പനാട്ടു കായലിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായ പാതിരാമണൽ ദ്വീപിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രത്യേക പദ്ധതി നടപ്പാക്കും. ദ്വീപിലേക്കുള്ള സഞ്ചാരം കൂടുതൽ ആകർഷകമാക്കാൻ മുഹമ്മ ജെട്ടിയിൽനിന്ന് പാതിരാമണലിലേക്ക് റോപ് വേ ഒരുക്കും.പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ‘ഗ്രീൻ മാർഷൽസ്’ പദ്ധതി ആരംഭിക്കും.

തീരദേശ മേഖലയിലെ ജനങ്ങൾക്ക് പ്രത്യേക ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാൻ ‘കോസ്റ്റൽ കെയർ യൂനിറ്റുകൾ’ സ്ഥാപിച്ച് ചികിത്സാസൗകര്യങ്ങൾ ശക്തിപ്പെടുത്തും. മാവേലിക്കര, കായംകുളം, നൂറനാട് റേഞ്ചുകളുടെ ഭാഗങ്ങൾ പുനഃസംഘടിപ്പിച്ച് പുതിയ മാതൃക എക്സൈസ് റേഞ്ച് ഓഫിസ് സ്ഥാപിക്കും. മാവേലിക്കര റേഞ്ചിൽനിന്ന് ചെട്ടികുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകളും കായംകുളം റേഞ്ചിൽനിന്ന് പത്തിയൂർ പഞ്ചായത്തും നൂറനാട് റേഞ്ചിൽനിന്ന് വള്ളികുന്നം പഞ്ചായത്തും ഉൾപ്പെടുത്തിയാണ് പുതിയ ഓഫിസ് രൂപവത്കരിക്കുക.

കുരുക്കഴിയാതെ കയർ മേഖല

ആലപ്പുഴ: പരമ്പരാഗത വ്യവസായമായ കയർ മേഖലക്ക് കാര്യമായ പദ്ധതിയില്ല. കഴിഞ്ഞ ബജറ്റിന് തുല്യമായ 107.64 കോടിയാണ് ഇക്കുറിയും ഉൾപ്പെടുത്തിയിരിക്കുന്നത്. കയർ ഉൽപന്നങ്ങളുടെ വിപണി ഉറപ്പുവരുത്താൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിക്കാൻ സർക്കാർ സഹായം നൽകുമെന്ന് മാത്രമാണ് പറയുന്നത്. കയർ ഉൽപന്നങ്ങളുടെ ഉൽപാദനം, വിപണനം, കയറ്റുമതി എന്നിവ പ്രോൽസാഹിപ്പിക്കുന്നതിന് 11കോടിയും വിലസ്ഥിരത ഫണ്ടിനായി 35കോടിയും വിലയിരുത്തിയിട്ടുണ്ട്. കയർത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ്, തൊഴിലാളി ക്ഷേമനിധി ബോർഡിന് ധനസഹായം എന്നിവയൊന്നും ഉണ്ടായില്ല.

കുട്ടനാടിന് പുതിയ പദ്ധതികളില്ല

ആലപ്പുഴ: കുട്ടനാടിനെയും കാർഷികമേഖയെയും ബജറ്റ് അവഗണിച്ചു. നെൽകർഷകർക്ക് സഹായകരമാകുന്ന രീതിയിൽ പുതിയ പ്രഖ്യാപനമുണ്ടായില്ല. നെൽ ഉൽപാദനം വർധിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചില്ല. കുട്ടനാട് പാക്കേജ് അടക്കമുള്ള പുതിയ പ്രഖ്യാപനമുണ്ടാകാത്ത് കർഷകരെ നിരാശരാക്കി. നെല്ലിന്‍റെ സംഭരണം കാര്യക്ഷമമാക്കാനും സംഭരണവില കർഷകർക്ക് കൃത്യമായി ലഭിക്കാനും നടപടി സ്വീകരിക്കും എന്നത് മാത്രമാണുള്ളത്. ഭൂമി തരംമാറ്റലിന് ഫീസായി ഈടാക്കുന്ന തുകയിൽ നിന്നും നിശ്ചിത ശതമാനം നീക്കിവെച്ച് നെൽകൃഷി പ്രോത്സാഹനത്തിനായി റിവോൾവിങ് ഫണ്ട് രൂപവത്കരിക്കുമെന്നതും നടപ്പായില്ല. നെല്ല് വില വർധനവ്, കൈകാര്യ ചെലവ് വർധനവ് എന്നിവയൊന്നും പരിഗണിച്ചില്ല.

വള്ളംകളി പ്രേമികൾക്ക് നിരാശ

ആലപ്പുഴ: വള്ളംകളി മേഖലയെ നിരാശയിലാഴ്ചത്തി ബജറ്റ് പ്രഖ്യാപനം. ടൂറിസം സാധ്യത കണക്കിലെടുത്ത് ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) നടത്തിപ്പിന് തുക മാറ്റിവെച്ചിട്ടില്ല. എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 10.46 കോടിരൂപയാണ് വകയിരുത്തിയത്. പണം അനുവദിക്കാത്തതോടെ യു.ഡി.എഫ് സർക്കാരിനെതിരെ വിമർശനമുണ്ട്. വലിയ പ്രതീക്ഷയോടെയാണ് സി.ബി.എല്ലിനെ വള്ളംകളി പ്രേമികൾ നോക്കിക്കണ്ടിരുന്നത്. എട്ടുകോടി രൂപ ബജറ്റിൽ വകയിരുത്തിയ കാലത്ത് സമ്മാനത്തുകയും ബോണസുകളും നൽകാൻ സംഘാടകർ ബുദ്ധിമുട്ടിയിരുന്നു.

യു.ഡി.എഫ് അധികാരത്തിലേറിയപ്പോൾ കൂടുതൽ തുക ഉൾപ്പെടുത്തുമെന്നാണ് കരുതിയത്. അവഗണനക്കെതിരെ വിമർശനമുണ്ട്. എന്നാൽ ബജറ്റിൽ സംഭവിച്ചത് സാങ്കേതികമായ തകരാർ മാത്രമാണെന്നും സി.ബി.എല്ലിന് ഉയർന്ന തുക ബജറ്റിൽ വരുംദിവസം ഉൾപ്പെടുത്തുമെന്നാണ് യു.ഡി.എഫിലെ മുതിർന്നനേതാക്കൾ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Budgetstate budgetAlappuzha
News Summary - There is a lot of hope for Alappuzha; Many projects in the budget
Next Story