ഹജ്ജിന് പോയ ദമ്പതികളുടെ വീട്ടിൽ മോഷണശ്രമം; കള്ളൻറെ കണ്ണിൽപ്പെടാത്തതുകൊണ്ട് 25 പവൻ തിരിച്ചുകിട്ടി
text_fieldsആലപ്പുഴ: ദമ്പതികൾ ഹജ്ജിന് പോയതിന് പിന്നാലെ അടച്ചിട്ട വീട്ടിൽ മോഷണശ്രമം. മോഷ്ടാവ് കാണാതിരുന്ന 25 പവൻ സ്വർണം നഷ്ടമായില്ല. അടുക്കളയുടെ ഭാഗത്തെ സ്റ്റോർ റൂമിൽ പഴന്തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച സ്വർണാഭരണമാണ് തിരിച്ചുകിട്ടിയത്. ആലപ്പുഴ വലിയകുളം വെറ്റക്കാരൻ ജങ്ഷനിലെ വെസ്റ്റ് വിൻസ് വീട്ടിലായിരുന്നു മോഷണശ്രമം നടന്നത്. വീട്ടുടമ അഡ്വ. മുജാഹിദും ഭാര്യ മുംതാസും വ്യാഴാഴ്ച ഉച്ചക്ക് 11.30നാണ് ഹജ്ജിനായി വീട്ടിൽനിന്ന് പുറപ്പെട്ടത്. ഇവർ നെടുമ്പാശ്ശേരിയിൽനിന്ന് വിമാനമാർഗം മക്കയിലെത്തി.
വെള്ളിയാഴ്ച ഉച്ചയോടെ ജോലിക്കാരി വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് മുൻവാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് സമീപത്ത് താമസിക്കുന്ന മുജാഹിദിന്റെ സഹോദരനെ വിവരമറിച്ചു. തുടർന്ന് വിവരം സൗത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പ്രാഥമികപരിശോധന നടത്തി. വിശദപരിശോധന ശനിയാഴ്ച നടത്തും. കിടപ്പുമുറിയും സ്റ്റോർറും ഉൾപ്പെടെ അഞ്ച് മുറികളുമുള്ള വലിയവീടിന്റെ രണ്ട് ഗേറ്റും പൂട്ടിയനിലയിലായിരുന്നു. മതിൽ ചാടി കടന്ന മോഷ്ടാവ് മുൻവാതിൽ തകർത്താണ് അകത്തുകടന്നത്. മണിക്കൂറുകൾ ചെലവഴിച്ച് എല്ലാമുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു.
അലമാരിയടക്കം കുത്തിത്തുറന്ന് തുണിത്തരങ്ങളും വസ്ത്രങ്ങളും പുറത്തിട്ടിരുന്നു. എന്നാൽ, അടുക്കളയോട് ചേർന്ന സ്റ്റോർറൂമിൽ മാത്രം കയറിയില്ല. ഇവിടെ സൂക്ഷിച്ച സ്വർണമാണ് നഷ്ടടമാവാതിരുന്നത്. വീട്ടിലെത്തിയ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് രണ്ട് തുണികളാിലായി പൊതിഞ്ഞ ‘സ്വർണം’ വീണ്ടെടുക്കാനായത്. രണ്ടുമക്കളിൽ ഒരാൾ എറണാകുളത്ത് എൻജിനിയറായി ജോലിനോക്കുകയാണ്. മറ്റൊരാൾ ചങ്ങനാശ്ശേരിയിലെ കോളജിലാണ് പഠിക്കുന്നത്. ഇരുവരും സ്ഥലത്തെത്തിയശേഷം മാത്രമേ വീട്ടിൽനിന്ന് എന്തൊക്കെ സാധനങ്ങൾ നഷ്ടമായെന്ന് ഉറപ്പിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

