മോഷണം: ഹോം നഴ്സ് 10 മാസത്തിനുശേഷം പിടിയിൽ
text_fieldsഹരിപ്പാട്: കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ വീട്ടിൽനിന്ന് ആഭരണവും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതിയായ ഹോം നഴ്സ് 10 മാസത്തിനുശേഷം പൊലീസ് പിടിയിൽ. മണ്ണാറശ്ശാല തുലാംപറമ്പ് നോർത്ത് ആയിശ്ശേരിൽ സാവിത്രി രാധാകൃഷ്ണനെയാണ് (48) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനുഭവനത്തിൽ വിനുവിന്‍റെ വീട്ടിൽനിന്നാണ് മൂന്ന് ജോടി കമ്മൽ, രണ്ട് മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, മൊബൈൽ ഫോൺ, 3500 രൂപ എന്നിവ കളവുപോയത്. 2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്‍റെ വീട്ടിൽ പ്രതി ജോലിക്ക് നിന്നിരുന്നു. മോഷണശേഷവും മൂന്നു മാസത്തോളം ജോലിയിൽ തുടർന്നു. വിനുവിന്‍റെ രോഗിയായ അമ്മയെ കാണാൻ പലരും വന്നിരുന്നതിനാൽ മോഷ്ടാവ് ആരെന്ന് സംശയിക്കാൻ കഴിയാത്തതിനാൽ പൊലീസിൽ പരാതി നൽകിയില്ല.
കഴിഞ്ഞ ജനുവരി 11ന് താമല്ലാക്കലിലെ മറ്റൊരു വീട്ടിൽനിന്ന് 35,000 രൂപയും സ്വർണവും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി കിട്ടി. വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയെ സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാവിത്രിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ഒരുങ്ങുന്നതിനിടെ സാവിത്രി പണവും സ്വർണവും വീട്ടുകാരെ തിരികെ ഏൽപിച്ച് കേസ് കൊടുക്കരുതെന്ന് അപേക്ഷിച്ചു. തുടർന്ന് വീട്ടുകാർ പരാതി പിൻവലിച്ചു.
ഈ വിവരം അറിഞ്ഞ വിനു ബുധനാഴ്ച പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ആഭരണങ്ങൾ പണയം വെച്ചതിന്‍റെ ലിസ്റ്റ് എടുത്തതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പ്രതി മറ്റ് മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
നങ്ങ്യാർകുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സാവിത്രിയെ ഹോം നഴ്സായി അയച്ചത്.ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാർ, എസ്.ഐ ഷൈജ, എ.എസ്.ഐ നിസാർ, സി.പി.ഒമാരായ സുരേഷ്, മഞ്ജു, രേഖ, ചിത്തിര, നിഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

