സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം: തമിഴ്നാട് സ്വദേശി പിടിയിൽ
text_fieldsജെസിം നൗഷാദ്
ആലപ്പുഴ: സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന തമിഴ്നാട് സ്വദേശി ജെസിം നൗഷാദ് (26) പിടിയിലായി. ആയാപറമ്പ് ഹൈസ്കൂളിലും, പത്തിയൂർ ഹൈസ്കൂളിലും, വെട്ടിയാർ ടി.എം വർഗീസ് സ്കൂളിലും എന്നിവിടങ്ങളിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. മോഷണ സാധനങ്ങൾ വിൽക്കുന്നതിനിടയിൽ മധുര റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.
തമിഴ്നാട്ടിൽനിന്നും ബന്ധുവിന്റെ സ്കൂട്ടർ മോഷ്ടിച്ചു കേരളത്തിലെത്തിയ ഇയാൾ മോഷണം നടത്തി തമിഴ്നാട്ടിലേക്ക് കടന്നു. കഴിഞ്ഞ 26 നാണ് വീയപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയാപറമ്പ് സ്കൂൾ കുത്തി തുറന്നു ഡിജിറ്റൽ കാമറയും ബ്ലൂട്ടൂത്ത് സ്പീക്കറും പണവും മോഷ്ടിച്ചത്.
പത്തനംതിട്ടയിലുള്ള സുഹൃത്തായ ഷാജഹാന്റെ വീട്ടിൽ രണ്ട് ദിവസം താമസിച്ചശേഷം മോഷ്ടിച്ച സ്കൂട്ടർ അവിടെ ഉപേക്ഷിച്ച് ഷാജഹാന്റെ ബുള്ളറ്റും മൊബൈൽ ഫോണും മോഷ്ടിച്ചു. പത്തിയൂർ ഹൈസ്കൂളിൽ കയറി ഓഫിസ് റൂമിന്റെ താഴ് തകർത്തു ഡിജിറ്റൽ ക്യാമറയും പണവും മോഷ്ടിച്ചു. പകൽ സമയം ബീച്ചിലും മറ്റും െചലവഴിച്ച ശേഷമാണ് വെട്ടിയാർ ടി.എം. വർഗീസ് സ്കൂളിൽ മോഷണം നടത്തിയത്.
ഇവിടെനിന്നും 67000 രൂപയും, സി.സി കാമറ, ഡി.വി.ആർ തുടങ്ങിയവയും മോഷ്ടിച്ചശേഷം തമിഴ്നാട് ആറ്റാങ്കര പള്ളിവാസലിലേക്ക് കടക്കുകയായിരുന്നു. തമിഴ്നാട്ടിലെ വീടുകളിലും സ്കൂളിലും മോഷണം നടത്തി ബൈക്ക് മാർത്താണ്ഡത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞു.
കായംകുളം ഡിവൈ.എസ്.പി അജയ്നാഥിന്റെ നേതൃത്വത്തിൽ കരീലകുളങ്ങര സ്റ്റേഷൻ ഒാഫിസർ ഏലിയാസ്.പി. ജോർജ്, വീയപുരം സ്റ്റേഷൻ ഒാഫിസർ മനു, കരീലകുളങ്ങര എസ്.ഐ അഭിലാഷ് എം.സി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ്കുമാർ.ജി, കോൺസ്റ്റബിൾ ഷമീർ. എസ്, മുഹമ്മദ്, കായംകുളം പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ ഷാജഹാൻ. കെ.ഇ, ജില്ല ആന്റി നർക്കോട്ടിക്കൽ സ്പെഷൽ ആക്ഷൻ ഫോഴ്സ് കോൺസ്റ്റബിൾമാരായ മണിക്കുട്ടൻ വി, ഇയാസ് ഇ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

