നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മോഷണം; അനസ്തേഷ്യ മരുന്നും ഡോക്ടർമാരുടെ സീലും കവർന്നു
text_fieldsആലപ്പുഴ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയിൽനിന്ന് അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മയക്കുമരുന്നുകളും ഡോക്ടർമാരുടെ സീലുകളും സ്റ്റാമ്പ് പാഡുകളും കവർന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസിന് ചില സൂചനകൾ ലഭിച്ചതായാണ് വിവരം.
ഈമാസം 12ന് വൈകീട്ട് 5.30നും 14ന് രാവിലെ 7.30നും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ശസ്ത്രക്രിയകൾക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന മയക്കുമരുന്ന് വിഭാഗത്തിൽപെടുന്ന 14 ആംപ്യൂളുകൾ, 12 വേദനസംഹാരികൾ എന്നിവയാണ് മോഷ്ടിച്ചത്. ശസ്ത്രക്രിയ മുറിയിൽ സൂക്ഷിച്ചിരുന്ന അനസ്തേഷ്യ വിഭാഗം ഡോക്ടർമാരുടെ സീലുകളും സ്റ്റാമ്പ് പാഡുകളുമാണ് കവർന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിൽപന കണ്ണികളുമാണ് ഇതിന് പിന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കനത്ത സെക്യൂരിറ്റിയും സി.സി ടി.വി അടക്കമുള്ള സംവിധാനവും പ്രവർത്തിക്കുന്ന ആശുപത്രിയുടെ ശസ്ത്രക്രിയ മുറിയിൽനിന്ന് പുറത്തുനിന്നുള്ളവർ മോഷണത്തിന് ശ്രമിക്കുമോയെന്നതിൽ ദുരൂഹതയുണ്ട്. ഇക്കാര്യങ്ങളടക്കം പൊലീസ് പരിശോധിക്കും. ഡോക്ടറുടെ കുറിപ്പും സീലും ഇല്ലാതെ മയക്കുമരുന്ന് വിഭാഗത്തിൽപെട്ട മരുന്നുകൾ പുറമെനിന്ന് ലഭിക്കുകയില്ല. സീലുകൾ ദുരുപയോഗം ചെയ്ത് മയക്കുമരുന്നുകൾ വാങ്ങുന്നവരാകാം ഇവ മോഷ്ടിച്ചതെന്നാണ് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

