നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപോത്തിനെ ഒടുവിൽ വീഴ്ത്തി
text_fieldsമയക്കുവെടി വെച്ച കാട്ടുപോത്ത്
ചെങ്ങന്നാൾ: നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപോത്തിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കീഴടക്കി. ഞായറാഴ്ച ഉച്ചയോടെയാണ് വനപാലകരും പൊലീസുകാരും ചെന്നിത്തല ഒരിപ്രം ഭാഗത്ത് വെച്ച് മയക്ക് വെടി വെച്ച് കീഴ്പെടുത്തിയത്. ദിവസങ്ങൾക്ക് മുമ്പ് മാവേലിക്കരയിലെ നൂറനാട് അടക്കമുള്ള വിവിധ പ്രദേശങ്ങളിലായി പ്രത്യക്ഷപ്പെട്ട കാട്ടുപോത്ത് ഞായറാഴ്ച പുലർച്ചയോടെയാണ് ചെന്നിത്തലയിലെത്തിയത്.
ഒരിപ്രം പുത്തുവിള ജവഹർ നവോദയ സ്കൂളിന് കിഴക്ക് മാറി രതീഷ് ഭവനത്തിൽ ഗോപിയുടെയും കാവിത്തറയിൽ അജികുമാറിന്റെയും വീട്ടുമുറ്റത്ത് കാണപ്പെട്ടതോടെ വിവരം മാന്നാർ പൊലീസിൽ അറിയിച്ചു. തുടർന്ന്, റാന്നിയിൽനിന്ന് വനംവകുപ്പും മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ആളൊഴിഞ്ഞ പറമ്പുകളിലും കണ്ടത്തിലും കറങ്ങി നടന്ന കാട്ടുപോത്ത് മണിക്കൂറുകളോളം നാട്ടിൽ ഭീതി പരത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജ്, വൈസ് പ്രസിഡന്റ് അജിത ദേവരാജൻ, പഞ്ചായത്തംഗം മെംബർ ബിനു സി. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നുറാന്നി ആർ.എഫ്.ഒ ബി.ആർ. ജയൻ, ചെങ്ങന്നൂർ സോഷ്യൽ ഫോറസ്റ്റ് ഓഫിസർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് കാട്ടുപോത്തിനെ പിടികൂടാനിറങ്ങിയത്.
തിരുവനന്തപുരം ഡിവിഷൻ കോട്ടൂർ ഫോറസ്റ്റ് ഡോക്ടർ അരുൺ കുമാർ, കോന്നി ഫോറസ്റ്റ് ഡോക്ടർ ജെയ്സ്മോൻ, മൂന്നാർ ഡോക്ടർ സിദ്ധാർഥ് ശങ്കർ, കുമളി മൃഗസംരക്ഷണ വകുപ്പ് ഡോ. അനുരാജ് എന്നിവരടങ്ങിയ ടീം മയക്ക് വെടിവെച്ച് കാട്ടുപോത്തിനെ വീഴ്ത്തി. കാട്ടുപോത്തിനെ ജെ.സി.ബിയുടെ സഹായത്താൽ ലോറിയിൽ കൊണ്ടുപോയി റാന്നി ഫോറസ്റ്റ് ഏരിയയിലെ ഉൾവനത്തിൽ വിടുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും പഞ്ചായത്തും നാട്ടുകാരും ചേർന്ന് ആദരവ് നൽകി. എം.എസ്. അരുൺ കുമാർ എം.എൽ.എ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പൊന്നാട നൽകി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

