മഴ കുറഞ്ഞു; ദുരിതത്തിന് ഒരു കുറവുമില്ല
text_fieldsആലപ്പുഴ: മഴക്ക് ശമനമുണ്ടായെങ്കിലും ദുരിതത്തിന് കുറവില്ല. കുട്ടനാട്ടിൽ ജലനിരപ്പ് താഴാത്തതാണ് പ്രധാനപ്രശ്നം. കിഴക്കൻവെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്ടിലെ ജലം കടലിലേക്ക് ഒഴുക്കാൻ തോട്ടപ്പള്ളിയിൽ പൊഴിമുറിക്കുന്ന ജോലികൾ തകൃതിയാണ്.
പുതിയ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. നിലവിൽ തത്തംപള്ളി എൽ.പി സ്കൂളിൽ മൂന്ന് കുടുംബത്തിലെ 12പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. തോട്ടപ്പള്ളിയിൽ നാല് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പൊഴിമുറിക്കുന്നത്. കുട്ടനാട്ടിൽനിന്ന് എത്തുന്ന അധികജലം കടലെടുക്കാത്തതിനാൽ കുട്ടനാട്ടിലെ താഴ്ന്നപ്രദേശങ്ങൾ ഇപ്പോഴും ദുരിത്തിലാണ്. ദേശീയപാതയിൽ വെള്ളക്കെട്ടും കുണ്ടുംകുഴിയും വാഹനയാത്രക്കാരെ ഏറെ വലച്ചു. അരൂർ മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് പലയിടത്തും ഗതാഗതക്കുരുക്കിന് കാരണമായി. ദേശീയപാതക്കായി സംരക്ഷണഭിത്തി കെട്ടിത്തിരിച്ചതോടെ വെള്ളം ഒഴുകാൻ സംവിധാനമില്ലാതായിരുന്നു പ്രധാന പ്രശ്നം. കുരുക്കിൽ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു.
ദേശീയപാതയുടെ പണി പാതിവഴിയിൽ എത്തിയിടത്താണ് വെള്ളക്കെട്ട് ഇപ്പോൾ വില്ലനായത്. ഇരുചക്രവാഹനയാത്രക്കാർ വെള്ളവും ചളിയും നിറഞ്ഞ കുഴികളിൽപെട്ട് നട്ടംതിരിയുകയായിരുന്നു. നിർമാണത്തിലെ ഉയരവ്യത്യാസമാണ് പലയിടത്തും പ്രശ്നമായത്.
കാറ്റിൽ ഒമ്പത് വീട് തകർന്നു; ഇതുവരെ 16 എണ്ണം
ആലപ്പുഴ: ജില്ലയിൽ ആഞ്ഞുവീശിയ കാറ്റിൽ വ്യാപകനാശം. മരം വീണ് ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലായി ഒമ്പതുവീട് തകർന്നു. ശനിയാഴ്ച മാത്രം മൂന്ന് വീട് പൂർണവും ആറെണ്ണം ഭാഗികമായും തകർന്നു. ഇതോടെ മഴക്കെടുതിയിൽ തകർന്ന വീടുകളുടെ എണ്ണം 16 ആയി. 13 എണ്ണം ഭാഗികവും മൂന്നെണ്ണം പൂർണവും. കലവൂർ വാഴക്കൂട്ടിൽ റൈനോൾഡ്, തണ്ണീർമുക്കം വട്ടച്ചിറ വാർഡ് മുരളി, ചെന്നടി അരയൻപറമ്പിൽ ലക്ഷ്മി എന്നിവരുടെ വീടുകളാണ് മരംവീണ് പൂർണമായും തകർന്നത്. കലവൂർ തകിടിയിൽ ശ്രീജ, മണ്ണഞ്ചേരി പുത്തൻവീട് ചെറുവേലിൽ ഗീത, കടക്കരപ്പള്ളി കുരിശിങ്കൽ സേത്, അരൂർ വഞ്ചിപ്പുരക്കൽ മനു, തണ്ണീർമുക്കം കടേപ്പറമ്പിൽ പ്രസന്നൻ, ചേർത്തല നികർത്തിൽ വിലാസിനി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. റവന്യൂ അധികൃതർ സ്ഥലത്തെത്തി സ്ഥിതി ശേഖരിച്ചു.
കൂടുതൽ മഴ മാവേലിക്കരയിൽ
ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച ലഭിച്ചത് 82.94 മി. മീറ്റർ ശരാശരി മഴയാണ്. ഏറ്റവും അധികം മഴലഭിച്ചത് മാവേലിക്കരയിലാണ്. ഇവിടെ മാത്രം 103.8 മി.മീറ്റർ മഴയാണ് ലഭിച്ചത്. ചേർത്തല -89.1, ആലപ്പുഴ -68.4, മാവേലിക്കര -30.2, കായംകുളം -40.3, മങ്കൊമ്പ് -20.2, കാർത്തികപ്പള്ളി -42 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ മഴ കണക്ക്.
കുട്ടനാട്ടിൽ ജലനിരപ്പ് ഒന്നരയടി ഉയർന്നു
കുട്ടനാട്: കിഴക്കൻ വെള്ളത്തിന്റെ വരവും ഇടവിട്ട് പെയ്യുന്ന മഴയും മൂലം കുട്ടനാട്ടിൽ ജലനിരപ്പ് ഒന്നരയടി ഉയർന്നു. ഇടറോഡുകളും കൈവഴികളും വെള്ളക്കെട്ടിലായതോടെ യാത്രദുരിതവും രൂക്ഷമായിരിക്കുകയാണ്. പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി, വെളിയനാട്, കാവാലം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ദുരിതം. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പെയ്യുന്ന മഴ കുട്ടനാട്ടിലേക്ക് ഒലിച്ചെത്തുന്നതും ഇടവിട്ട് പെയ്യുന്ന മഴയുമാണ് കൈനകരിയെ ഉൾപ്പെടെ വെള്ളക്കെട്ടിലാക്കിയത്. കൃഷി കഴിഞ്ഞതിനാൽ പാടശേഖരങ്ങളിൽ വെള്ളം കയറിയതോടെ സമീപത്തെ വീടുകൾ ഭീഷണിയിലാണ്. മഴ കനത്താലുള്ള ഭീതിയിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വീട് വിട്ട് പോകുന്നതിനുള്ള തയാറെടുപ്പും നടത്തുന്നുണ്ട്. മഴ തുടർന്നാൽ ജെട്ടികളിൽ ബോട്ട് അടുപ്പിക്കുന്നതിനും ബുദ്ധിമുട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

