ആലപ്പുഴ ബീച്ചിൽ നങ്കൂരമിട്ട ‘യുദ്ധക്കപ്പൽ’ അനാഥം
text_fieldsആലപ്പുഴ ബീച്ചിൽ സ്ഥാപിച്ച യുദ്ധക്കപ്പൽ. സായാഹ്ന കാഴ്ച
ആലപ്പുഴ: പ്രതാപം നഷ്ടമായ ആലപ്പുഴ തുറമുഖത്തിന്റെ മുഖഛായ മാറ്റാൻ മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ സ്ഥാപിച്ച ‘പടക്കപ്പല്‍’ അനാഥം. 2021 ഒക്ടോബർ 21നാണ് നാവികസേനയുടെ യുദ്ധക്കപ്പൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി -81) നങ്കുരമിട്ടത്. 25 മീറ്റർനീളവും 60 ടൺ ഭാരവുമുള്ള കപ്പൽ കാണാൻദിവസവും ആയിരങ്ങളാണ് ബീച്ചിലേക്ക് എത്തുന്നത്. നാലുവർഷം പിന്നിട്ടിട്ടും ചരിത്രമേറെയുള്ള കപ്പലിന്റെ അകത്തുകയറി കാണാൻ സംവിധാനമില്ല. ഇരുട്ടുവീണാൽ ‘കപ്പല്‍’ തന്നെ കാണാനാവില്ല. ഇതിന് ചുറ്റും ലൈറ്റുകൾ തെളിയിക്കുമെന്ന പ്രഖ്യാപനവും കടലാസ്സിലൊതുങ്ങി. കയറാൻ പടിക്കെട്ടുകൾ സ്ഥാപിച്ചുവെങ്കിലും അകത്തേക്ക് ‘കടക്കാൻ’ നിർവാഹമില്ല. ചുറ്റും പുൽത്തകിടികൾ, ബാരിക്കേഡുകൾ, സുരക്ഷാ ഓഫിസ്, ശൗചാലയങ്ങൾ എന്നിവയടക്കമുള്ളവ നിർമിക്കാനായിരുന്നു പദ്ധതി.
കപ്പലിന്റെ ചരിത്രവും തനിമയും ചോരാതെ അകവും പുറവും ഭംഗിയാക്കി സഞ്ചാരികൾക്ക് കാണുന്നതിന് അത്യാധുനികവെളിച്ച സംവിധാനങ്ങളും സംരക്ഷണത്തിന് ചുറ്റുംകൈവരി തീർക്കാനുമാണ് മുസ്രിസ് പ്രോജക്ട് ലിമിറ്റഡ് കമ്പനി തീരുമാനിച്ചത്. 2021 സെപ്റ്റംബറിൽ മുംബൈയിൽനിന്ന് കടൽമാർഗം കൊച്ചിയിലേക്കും അവിടെനിന്ന് ജലമാർഗം തണ്ണീർമുക്കത്തേക്കും എത്തിച്ച് പ്രത്യേകവാഹനത്തിൽ റോഡുമാർഗമാണ് ആലപ്പുഴ കടപ്പുറത്ത് എത്തിച്ചത്. വലിയപുള്ളറിൽനിന്ന് വേർപെടുത്തുന്നത് മുതൽ ക്രെയിനിൽ ഉയർത്തി കടപ്പുറത്ത് സ്ഥാപിക്കുന്നതുവരെയുള്ള ഓരോ നിമിഷവും ആർപ്പുവിളിച്ചും പടക്കം പൊട്ടിച്ചുമാണ് അവർ വരവേറ്റത്. കപ്പലിനൊപ്പം സെൽഫിയെടുത്തും ഫോട്ടോപിടിച്ചും മടങ്ങുന്നവർ ഏറെയാണ്.
ചരിത്രം ഇങ്ങനെ
നാവികസേനയുടെ അതിവേഗ ആക്രമണക്കപ്പലുകളുടെ കൂട്ടത്തിൽ രണ്ടാമത്തേതായിരുന്നു ഇൻഫാക് ടി-81. 1999 ജൂൺ അഞ്ചിന് അന്നത്തെ ഗോവ ഗവർണർ ലെഫ്റ്റനന്റ് ജനറൽ ജെ.എഫ്.ആർ. ജേക്കബ് കമീഷൻ ചെയ്ത കപ്പലിൽ രണ്ട് ഓഫിസർമാരും 18 സെയിലർമാരുമാണുണ്ടായിരുന്നത്. മണിക്കൂറിൽ 45 നോട്ടിക്കൽ മൈൽ ആയിരുന്നു വേഗം. ഹ്രസ്വദൂര ശേഷിയുള്ള തോക്കുകൾ ഘടിപ്പിച്ചിരുന്നു. കുറഞ്ഞസമയത്തിൽ കടലിലിറക്കാൻ കഴിയുന്ന വിധമാണ് നിർമാണം.
ശത്രുനിരീക്ഷണം, തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയായിരുന്നു ചുമതലകൾ. നുഴഞ്ഞുകയറുന്ന ചെറുയാനങ്ങളെ അതിവേഗം തടയുമെന്നതാണ് പ്രത്യേകത. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ സഞ്ചരിക്കാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ കപ്പൽ. 2021 ജനുവരി 28ന് മുംബൈ നേവൽ ഡോക്ക്യാർഡിൽവെച്ചാണ് കപ്പൽ ഡി കമീഷൻ ചെയ്തത്. എൻജിൻ റൂം, ആഫ്റ്റ് (പിൻഭാഗം) ക്രൂ കമ്പാർട്ട്മെന്റ്, ക്യാപ്റ്റൻസ് കാബിൻ, ലിവിങ് ഏരിയ, ഫോർവേഡ് (മുൻഭാഗം), ക്രൂ കമ്പാർട്ട്മെന്റ് എന്നിവയാണ് പ്രധാനഭാഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

