രണ്ടു വർഷമായിട്ടും പ്രവർത്തനസജ്ജമാകാതെ ഓട്ടോകാസ്റ്റിലെ സൗരോർജ നിലയം
text_fieldsഓട്ടോകാസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലുകൾ
ആലപ്പുഴ: സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റിൽ സ്ഥാപിച്ച സോളർ പാനലുകൾ രണ്ട് വർഷമായിട്ടും പ്രവർത്തന സജ്ജമായില്ല. നഷ്ടത്തിൽ നിന്ന് കരകയറാൻ സ്ഥാപനം കിണഞ്ഞ് പരിശ്രമിക്കവെയാണ് അതിന് ആക്കംപകരാനായി സ്ഥാപിച്ച സോളർ പാനലുകൾ പ്രയോജനപെടാതെ കിടക്കുന്നത്.
പ്രതിദിനം ഏകദേശം 8,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതും, വൈദ്യുതി ബില്ലിൽ പ്രതിമാസം 10 ലക്ഷം രൂപ ലാഭിക്കാൻ ലക്ഷ്യമിട്ടുമാണ് സോളർ പദ്ധതി ആവിഷ്കരിച്ചത്. ഇത് സ്ഥാപിക്കാൻ ഇൻകെൽ എന്ന പൊതുമേഖല സ്ഥാപനത്തെയാണ് ഏൽപിച്ചത്. അവരുടെ അനാസ്ഥയാണ് രണ്ട് വർഷമായിട്ടും ഉൽപാദനം തുടങ്ങാൻ കഴിയാത്തതിന് കാരണമാകുന്നതെന്നാണ് ഓട്ടോകാസ്റ്റ് അധികൃതർ പറയുന്നത്.
ഓട്ടോ കാസ്റ്റ് മാനേജ് മെന്റിന്റെ കെടുകാര്യസ്ഥതകളാണ് സ്ഥാപനം ഇപ്പോഴും നഷ്ടത്തിൽ കിടക്കാൻ കാരണമെന്ന് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നു. 10.33 കോടി രൂപ ചെലവിട്ടു നിർമിച്ച രണ്ട് മെഗാവാട് സൗരോർജ നിലയം 2024 ജനുവരി 19നാണു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തത്. നിലയത്തിലെ സോളർ പാനലുകൾ ഇതിനകം തകരാറിലാകുകയും ചെയ്തു.
ഇൻകെലിന്റെ നേതൃത്വത്തിൽ 8.5 ഏക്കറോളം സ്ഥലത്ത് 5000 പാനലുകളാണ് സ്ഥാപിച്ചത്. ഇൻകെലിനു പണം പൂർണമായി നൽകാത്തതിനാൽ നിലയത്തിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാനുള്ള സജ്ജീകരണം വൈകിയാണു സജ്ജമാക്കിയത്. കെ.എസ്.ഇ.ബിയുടെ ഗ്രിഡ് കണക്ടിവിറ്റി കിട്ടാത്തതിനാൽ ഒരു വർഷത്തോളം സൗരോർജ നിലയത്തിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാനായിരുന്നില്ല.
കഴിഞ്ഞവർഷം ഗ്രിഡ് കണക്ടിവിറ്റി ലഭിച്ചപ്പോഴേക്കും സോളർ പാനലുകളും കേബിളുകളും പ്രവർത്തനരഹിതമായി. നിലവിൽ ഇൻകെൽ ഇവയുടെ അറ്റകുറ്റപ്പണി നടത്തുകയാണ്. ഉടൻ തന്നെ പ്രവർത്തന സജ്ജമാക്കുമെന്നാണ് ഇൻകെൽ അധികൃതർ പറയുന്നത്. സോളർ പാനലുകൾ ഓട്ടോകാസ്റ്റിൽ എത്തിച്ചു രണ്ടു വർഷം കഴിഞ്ഞാണ് അവ സ്ഥാപിച്ചത്. തുടർന്നു ട്രാൻസ്ഫോമർ സൗകര്യം സജ്ജമാക്കി ഉദ്ഘാടനം നടത്താനും സമയമെടുത്തു.
പാനലുകൾക്ക് ഇപ്പോൾ അഞ്ചു വർഷത്തോളം പഴക്കമായി. ഇതാണു പാനലുകളും കേബിളുകളും കേടാകാൻ കാരണമായത്. ഇപ്പോൾ ധ്രുതഗതിയിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഇൻകെൽ മറിച്ച് കോൺട്രാക്ട് നൽകകുകയും അവർ ജോലി ചെയ്യാതെ ഉപേക്ഷിച്ച് പോകുകയും ചെയ്തിരുന്നു. ഇപ്പോൾ ഇൻകെൽ പുതിയ കോൺട്രാക്ട് നൽകി അവരാണ് അവശേഷിക്കുന്ന ജോലികൾ ചെയ്തുവരുന്നതെന്നറിയുന്നു. കേടുവന്ന പാനലുകളും മാറികൊണ്ടിരിക്കുകയാണ്. ഇൻകെൽ ഗുണനിലവാരം കുറഞ്ഞ പാനലുകളാണ് സ്ഥാപിച്ചതെന്ന ആക്ഷേപവുമുയരുന്നു.
ഇൻകെൽ ഇതുവരെ സോളാർ പ്ലാന്റ് ഓട്ടോകാസ്റ്റിന് കൈമാറിയിട്ടില്ല –അലക്സ്
കണ്ണമല പൊതുമേഖല സ്ഥാപനമായ ഇൻകെലിനെയാണ് സൗരോർജ നിലയം സ്ഥാപിക്കാൻ ചുമതലപെടുത്തിയതെന്നും ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല മാധ്യമത്തോട് പറഞ്ഞു.
ഇൻകെൽ ഇതുവരെ പ്ലാന്റ് ഓട്ടോകാസ്റ്റിന് കൈമാറിയിട്ടില്ല. 100 ശതമാനം ഉൽപാദനം തുടങ്ങി പ്ലാന്റ് കൈമാറികഴിഞ്ഞാൽ മുന്നുവർഷം അതിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയും അവർക്കാണ്.
പ്ലാന്റ് കൈമാറാത്തതിനാൽ അവർക്ക് അവസാന ഗഡു തുകയും നൽകിയിട്ടില്ല. സൗരോർജ നിലയം സ്ഥാപിക്കുന്നതിനുള്ള 10.33 കോടി രൂപ വായ്പ ഇനത്തിൽ ലഭിച്ചതല്ല. സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചതാണ്. പദ്ധതി വൈകുന്തോറും വൈദ്യൂതി ചാർജ് ഇനത്തിൽ ഓട്ടോകാസ്റ്റിന് നഷ്ടമുണ്ടാകുന്നുണ്ട്. ഓട്ടോകാസ്റ്റ് ഇപ്പോൾ നഷ്ടത്തിൽ നിന്ന് കരകയറി വരികയാണെന്നും ലാഭത്തിലാക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും അലക്സ് കണ്ണമല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

