ക്രെയിനിന്റെ റോപ്പ് പൊട്ടി; അപകടം ഒഴിവായത് തലനാരിഴക്ക്
text_fieldsറോപ്പ് പൊട്ടിവീഴുന്നു
അരൂര്‍: അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കൊണ്ടുവന്ന കൂറ്റന്‍ ക്രെയിനിന്റെ ഇരുമ്പ് റോപ്പ് പൊട്ടി ഷെല്‍ താഴേക്ക് പതിച്ചു.കെല്‍ട്രോണ്‍ ജങ്ഷന് സമീപം തൂണ് നിര്‍മിക്കുന്നിടത്ത് വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നിര്‍മാണം നടക്കുന്നതിനാല്‍ നിലവിലെ ദേശീയപാതയില്‍ ഇരുമ്പ് പാളികള്‍ െവച്ച് സുരക്ഷാ വേലി തീര്‍ത്തിട്ടുണ്ട്. ഇതിനുള്ളിൽ ഷെല്‍ പതിച്ചതിനാൽ അപകടം ഒഴിവായി.
പൈലിങ്ങിനായി കൊണ്ടുവന്ന യന്ത്രം ഇവിടെനിന്ന് കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇതിനോട് ചേര്‍ന്ന ഷെല്‍ ഉയര്‍ത്തി മാറ്റവേയാണ് ഇരുമ്പ് റോപ്പ് പൊട്ടിയത്. ഈ സമയം സുരക്ഷാവേലിയുടെ ഇരുവശത്തുകൂടെയും വാഹനങ്ങള്‍ കടന്നുപോയിരുന്നു.
റോപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഇതിന്റെ ഹുക്ക് മിനിറ്റുകളോളം വായുവില്‍ ആടിയുലഞ്ഞു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തിയവര് ഇത് ചിത്രീകരിക്കുകയും ചെയ്തു.വേണ്ടത്ര സുരക്ഷ സംവിധാനങ്ങളില്ലാതെയാണ് ഉയരപ്പാത നിര്‍മാണം പുരോഗമിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കെയാണ് വ്യാഴാഴ്ചത്തെ സംഭവം.

