20,000 ലിറ്റർ സ്പിരിറ്റിന്റെ പെർമിറ്റ് ദുരൂഹ സാഹചര്യത്തിൽ നഷ്ടമായി
text_fieldsപാതിരപ്പള്ളിയിലെ ഹോംകോ കമ്പനി
ആലപ്പുഴ: ഹോമിയോ മരുന്നുകൾ നിർമിക്കുന്ന പൊതുമേഖല സ്ഥാപനമായ ഹോംകോക്ക് സ്പിരിറ്റ് കൊണ്ടുവരാൻ അനുവദിച്ച പെർമിറ്റ് കാണാതായി. 20,000 ലിറ്റർ സ്പിരിറ്റിന്റെ പെർമിറ്റാണ് നഷ്ടപ്പെട്ടത്. ഇതോടെ മരുന്നുകളുടെ ഉൽപാദനവും സ്തംഭിച്ചു. സ്പിരിറ്റിന്റെ പെർമിറ്റ് നഷ്ടപ്പെട്ടതിൽ ദുരൂഹതയെന്ന് ആരോപണമുയരുന്നു. മരുന്ന് നിർമാണത്തിനായി മുന്തിയതരം സ്പിരിറ്റാണ് കൊണ്ടുവരുന്നത്. പെർമിറ്റ് നഷ്ടമായതിന് പിന്നിൽ ഗൂഢനീക്കമുണ്ടെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു.
ആന്ധ്രപ്രദേശ് ആസ്ഥാനമായ സെന്തിനി ബയോ പ്രൊഡക്ട്സ് കമ്പനിയിൽനിന്നാണ് ഹോംകോ സ്പിരിറ്റ് വാങ്ങുന്നത്. ഡിസംബറിൽ വാങ്ങേണ്ട 20,000 ലിറ്റർ സ്പിരിറ്റിന്റെ പെർമിറ്റ് ആന്ധ്രയിൽ വെച്ച് നഷ്ടമായെന്നാണ് ഹോംകോ പറയുന്നത്. ഹോമിയോ മരുന്ന് ഉൽപാദനത്തിനായി രണ്ട് അല്ലെങ്കിൽ മൂന്നുമാസം കൂടുമ്പോഴാണ് സ്പിരിറ്റ് എത്തിക്കാറുള്ളത്. ഡിസംബറിൽ വാങ്ങേണ്ട സ്പിരിറ്റ് എത്താതായതോടെ സ്പിരിറ്റ് ഉപയോഗിച്ചുള്ള മരുന്ന് ഉൽപാദനം പൂർണമായും സ്തംഭിച്ചു. തൊഴിലാളികളുടെ ഷിഫ്റ്റിൽ മാറ്റം വരുത്തിയതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്.
പെർമിറ്റ് രേഖകൾ നഷ്ടമായെന്നും പകരം പുതിയ പെർമിറ്റ് അനുവദിക്കണമെന്നും കാണിച്ച് ഹോംകോ എക്സൈസിന് റിപ്പോർട്ട് നൽകി. ആന്ധ്ര പൊലീസിൽ പരാതി നൽകിയതിന്റെ വിവരങ്ങളും എക്സൈസിന് കൈമാറിയിട്ടുണ്ട്. തുടര്ന്ന് 25,000 ലിറ്ററിന്റെ പെർമിറ്റ് എക്സൈസ് അനുവദിച്ചു. എന്നാൽ, ഇതുവരെ സ്പിരിറ്റ് എത്തിയിട്ടില്ല. പുതിയ പെർമിറ്റിന് ഹോംകോക്ക് 30,000 രൂപയോളം ചെലവ് വന്നിട്ടുണ്ട്.
എക്സൈസിന് കൈമാറിയ ആന്ധ്ര പൊലീസിൽ പരാതി നൽകിയതിന്റെ രേഖകളിൽ സംശയമുണ്ടെന്നും അതിനാലാണ് സ്പിരിറ്റ് വരവ് നടക്കാത്തതെന്നും എഫ്.ഐ.ആറിന്റെ പകർപ്പ് വിശ്വസനീയമല്ലെന്നുമാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. ഹോമിയോ മരുന്നുകൾ നിർമിക്കുന്ന കേരളത്തിലെ ഏക പൊതുമേഖല സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോഓപറേറ്റിവ് ഫാർമസി (ഹോംകോ). മുൻകാലങ്ങളിൽ ഹോംകോയുടെ പ്രതിനിധി നേരിട്ട് ആന്ധ്രയിൽപോയാണ് പെർമിറ്റ് കൈമാറി സ്പ്രിറ്റ് കൊണ്ടുവന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

