പേവാർഡില്ലാത്ത ഏക മെഡിക്കൽ കോളജ്
text_fieldsഅമ്പലപ്പുഴ: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പേവാർഡ് ഇല്ലാത്ത ഏക ആതുരാലയമാണ് ആലപ്പുഴയിലേത്. എല്ലാ എച്ച്.ഡി.എസ് യോഗങ്ങളിലും തീരുമാനമെടുക്കുമെങ്കിലും പേവാർഡിന് നടപടികളായിട്ടില്ല. ആലപ്പുഴ പട്ടണത്തിൽനിന്ന് ആശുപത്രി വണ്ടാനത്തേക്ക് മാറിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇതുവരെ പേവാര്‍ഡ് സ്ഥാപിച്ചിട്ടില്ല.
അതുപോലെയാണ് രോഗികളോടൊപ്പം ഉള്ളവരുടെ വിശ്രമകേന്ദ്രത്തിന്റെ അവസ്ഥയും. ലക്ഷങ്ങള്‍ മുടക്കി രണ്ട് വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിച്ചെങ്കിലും തുറക്കാനായിട്ടില്ല. സ്ത്രീകളുടെ വാര്‍ഡില്‍ രാത്രി ഏഴിനുശേഷം പുരുഷന്മാര്ക്ക് പ്രവേശനമില്ല. പിന്നീട് വരാന്തകളിലും ആശുപത്രി വളപ്പിലെ ഹട്ടുകളുമാണ് ഇവര്‍ക്ക് ആശ്രയം. ശുചിമുറി ഉപയോഗിക്കണമെങ്കിൽ ലോഡ്ജുകളെ ആശ്രയിക്കണം.
കെ.സി. വേണുഗോപാൽ ആദ്യം എം.പിയായിരിക്കെ എം.പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച് ഒരുവിശ്രമകേന്ദ്രം സ്ഥാപിച്ചിരുന്നു. ഇപ്പോഴുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലുള്ള ഈ വിശ്രമ കേന്ദ്രം 2017 മുതൽ അടഞ്ഞ് കിടക്കുകയാണ്. കോവിഡ് കാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് താമസിക്കാൻ ഇവിടം പ്രവര്‍ത്തിച്ചെങ്കിലും നിലവില്‍ അടഞ്ഞുകിടക്കുകയാണ്. അത്യാഹിത വിഭാഗത്തിന് സമീപം എച്ച്. സലാം എം.എൽ.എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിർമിച്ച വിശ്രമകേന്ദ്രവും തുറക്കാൻ നടപടിയില്ല. നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിടത്തിന്റെ മുന്‍ഭാഗം ടൈല്‍ വിരിച്ച് മനോഹരമാക്കിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും തുറന്നിട്ടില്ല.
ഗൈനക്കോളജി വിഭാഗം പഴയപടി തന്നെ
ഗൈനക്കോളജി വിഭാഗം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജാണ് ഉദ്ഘാടനം ചെയ്തത്. 30 കോടി രൂപ ചെലവിൽ അഞ്ച് നിലകളിലായി നിർമാണം പൂർത്തിയാക്കിയ മെറ്റേനിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് ബ്ലോക്കില്‍ ഒ.പി, രജിസ്ട്രേഷൻ കൗണ്ടർ, അത്യാഹിതം, എമർജൻസി ഓപ്പറേഷൻ തിയറ്ററുകൾ, അഞ്ച് ഒബ്സർവേഷൻ ബെഡ്, വിശ്രമസ്ഥലം എന്നിവയാണ് താഴത്തെ നിലയിൽ പ്രവർത്തിക്കുക.
ക്ലാസ് മുറി, എക്സാമിനേഷൻ ഹാൾ, മ്യൂസിയം, സ്കിൽ ലാബ്, ഓഫിസ്, ലൈബ്രറി, ഇൻ്റൺസ് റൂം, ഡ്യൂട്ടി റൂം എന്നിവ ഒന്നാംനിലയിലും രണ്ടാംനിലയിൽ ലേബർ റൂം, അഞ്ച് കിടക്ക സൗകര്യങ്ങളുള്ള ഐ.സി.യു, ഓപറേഷൻ തിയറ്റർ, ഡ്യൂട്ടി റൂം തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്നാംനിലയിൽ പീഡിയാട്രിക് എൻ.ഐ.സി.യു, എസ്. എൻ.സി.യു, 45 കിടക്ക സൗകര്യങ്ങളുള്ള മദർ ആൻഡ്ചിൽഡ്രൻ യൂനിറ്റ് എന്നിവയും നാലാം നിലയിൽ രണ്ട് ശസ്ത്രക്രിയ തീയറ്റർ, വന്ധ്യതാചികിത്സാ കേന്ദ്രം, പ്രസവ ചികിത്സയും പരിചരണവും നവജാത ശിശുക്കൾക്കുള്ള പ്രത്യേക ചികിത്സക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മെഷീൻ റൂം, സ്റ്റെറൈൻ സംവിധാനം ഉൾപ്പടെയുള്ളവയാണ് അഞ്ചാംനിലയിൽ സജ്ജീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

