ആലപ്പുഴ: കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ ഹോട്ടൽ, ടൂറിസം മേഖലക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ. ഹോട്ടൽ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻറായി പ്രവർത്തിച്ചിട്ടുള്ള മന്ത്രി ദേവർകോവിൽ ജില്ലയിൽ ആദ്യമായി എത്തിയപ്പോൾ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു.
അടിയന്തരമായി ഹോട്ടലുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്ഷണം വിളമ്പാനുള്ള സാഹചര്യം ഒരുക്കാനുള്ള ശ്രമങ്ങൾ നടത്താമെന്നും മന്ത്രി ഉറപ്പുനൽകി. ജില്ല പ്രസിഡൻറ് നാസർ പി. താജ്, സംസ്ഥാന വൈസ് പ്രസിഡൻറ് ദിലീപ് സി. മൂലയിൽ, ട്രഷറർ എസ്.കെ. നസീർ എന്നിവർ മന്ത്രിയെ സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കോയ, റോയി മഡോണ തുടങ്ങിയവർ സംബന്ധിച്ചു.