വരുന്നു ‘കുട്ടനാട് സഫാരി’ പദ്ധതി
text_fieldsകുട്ടനാട് സഫാരി ആരംഭിക്കുന്നതിന് മുന്നോടിയായി മന്ത്രി കെ.ബി. ഗണേഷ്കുമാർ മുഹമ്മ പഞ്ചായത്തിലെ പാതിരാമണൽ ദ്വീപ് സന്ദർശിക്കുന്നു
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം യാത്ര പദ്ധതിയുടെ ഭാഗമായി ഗൾഫ് ഡെസേർട്ട് സഫാരിയുടെ മാതൃകയിൽ ‘കുട്ടനാട് സഫാരി’ ആരംഭിക്കും. ഇതിന് മുന്നോടിയായി മന്ത്രി കെ.ബി. ഗണേഷ് കുമാർ മുഹമ്മ പഞ്ചായത്തിലെ പാതിര മണൽ ദ്വീപ് സന്ദർശിച്ചു. കുട്ടനാടിന്റെ മുഴുവൻ മനോഹാരിതയും ഒറ്റബോട്ട് യാത്രയിൽ ആസ്വദിക്കാവുന്ന വിധമാകും പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. കുട്ടനാട് നിരവധി കലാരൂപങ്ങളുടെയും പാട്ടുകളുടെയും കേന്ദ്രമാണ്. ഇതെല്ലാം കാണാനും അടുത്തറിയാനും പാക്കേജിലൂടെ സാധ്യമാകും.
ആലപ്പുഴയിൽനിന്ന് ആരംഭിക്കുന്ന യാത്രയുടെ ഭാഗമായി ലഘുഭക്ഷണം, ഉച്ചഭക്ഷണം എന്നിവയെല്ലാം വിനോദസഞ്ചാരികൾക്ക് ഒരുക്കും. ചിത്രകാരൻ ലൈവായി വിനോദസഞ്ചാരികളുടെ ചിത്രങ്ങളും വരച്ച് നൽകും. ആലപ്പുഴയുടെ കയർ പിരിക്കലും ഓല മെടയലും കാണാനും സ്വന്തമായി ചെയ്യാനും സഞ്ചാരികൾക്ക് അവസരം ലഭിക്കും. കൂടാതെ ഓലകൊണ്ടുള്ള പന്ത്, തൊപ്പി എന്നിവയും അവർക്കായി തത്സമയം നിർമിക്കുകയും പ്രദർശിപ്പിക്കും. യാത്ര വൈകിട്ട് നാലിന് പാതിരമണലിൽ എത്തും. വേമ്പനാട്ട് കായലിലെ ദ്വീപിൽ പുല്ലും മുളയും കൊണ്ട് നിർമിച്ച ആംഫി തിയേറ്ററും പൂർത്തിയാക്കും.
തിയേറ്ററിൽ നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കും. ഒന്നേകാൽ മണിക്കൂർ വൈവിധ്യമായ ആറോളം കലാരൂപങ്ങളുണ്ടാകും. ഓരോദിവസവും വ്യത്യസ്ത കലാരൂപങ്ങൾ അരങ്ങേറും. ഇതിനൊപ്പം പഞ്ചായത്തിന് കുടുംബശ്രീയുമായി ചേർന്ന് ദ്വീപിൽ കൂടുതൽ കിയോസ്ക്കുകൾ തുടങ്ങാനാകും. വിവിധ കരകൗശല വസ്തുക്കൾ വാങ്ങാനും സഞ്ചാരികൾക്ക് സൗകര്യം ഉണ്ടാകും. ഈ പാക്കേജ് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസവുമായി ബന്ധപ്പെടുത്തി നടപ്പാക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബസിൽ കയറി ആലപ്പുഴയിൽ വന്ന് ബോട്ട് യാത്ര ആസ്വദിച്ച് മടങ്ങാനാകും.
ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ. ടി. റെജി, സ്ഥിരം സമിതി അധ്യക്ഷരായ നസീമ ടീച്ചർ, സി.ഡി. വിശ്വനാഥൻ, വാർഡംഗങ്ങളായ വി. വിഷ്ണു, കെ.എസ്. ദാമോദരൻ, ലൈല ഷാജി, കുഞ്ഞുമോൾ ഷാനവാസ്, നിഷ പ്രദീപ്, ടി.സി. മഹീധരൻ, വിനോമ്മ രാജു, പഞ്ചായത്ത് സെക്രട്ടറി എം.പി. മഹീധരൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

