ആലപ്പുഴ: കഴിഞ്ഞയാഴ്ച തണ്ണീർമുക്കത്തുനിന്ന് ആലപ്പുഴയിലേക്ക് കരമാർഗം യാത്രതിരിച്ച 'യുദ്ധക്കപ്പൽ' ഇനിയും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. ശനിയാഴ്ച കലവൂരിൽനിന്ന് ആലപ്പുഴ ബൈപാസിെൻറ ടോൾപ്ലാസവരെ എത്തിച്ചെങ്കിലും ബൈപാസിെൻറ മേൽപാലത്തിലൂടെയുള്ള യാത്രക്ക് ദേശീയപാത അധികൃതരുടെ അനുമതി കിട്ടിയിരുന്നില്ല. ഇതോടെയാണ് യാത്രക്ക് തടസ്സം നേരിട്ടത്. ശനിയാഴ്ച പടക്കപ്പൽ യാത്ര പുനരാരംഭിച്ച് ബീച്ചിൽ സ്ഥാപിക്കുന്നതടക്കം എല്ലാ ഒരുക്കവും പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് സാേങ്കതിക അനുമതി വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. രണ്ടുമണിക്കൂറിനുള്ളിൽ തീരുന്ന പ്രവൃത്തികൾ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ബൈപാസിലൂടെ പ്രവേശിക്കുന്ന പടക്കപ്പൽ ബീച്ചിന് സമീപത്തെ മേൽപാലത്തിൽനിന്ന് വലിയ െക്രയിൻ ഉപയോഗിച്ച് താഴെയിറക്കാനാണ് തീരുമാനം.
എന്നാൽ, 60 ടൺ ഭാരമുള്ള പഴയയുദ്ധക്കപ്പൽ ഫാസ്റ്റ് അറ്റാക് ക്രാഫ്റ്റ് (ഇൻഫാക് ടി-81) 96 ചക്രങ്ങളും 12 ആക്സിൽ സംവിധാനവുമുള്ള പ്രത്യേകവാഹനത്തിൽ മേൽപാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ബൈപാസിൽ പൂർണമായും ഗതാഗതം നിരോധിക്കും. ആലപ്പുഴ കടൽപാലത്തിന് സമീപത്തായി സജ്ജീകരിച്ച പ്രത്യേക സ്ഥലത്താണ് കപ്പൽ താൽക്കാലികമായി സ്ഥാപിക്കുന്നത്.
യുദ്ധസമാനമായ രീതിയിൽ ആലപ്പുഴയിലേക്ക് എത്തുന്ന പടക്കപ്പലിെൻറ വരവും കാത്ത് നഗരവാസികൾ മൂന്നുദിവസമായി കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച എത്തുമെന്നായിരുന്നു ആദ്യം കരുതിയത്.
സുരക്ഷകണക്കിലെടുത്ത് കലക്ടർ എ. അലക്സാണ്ടർ അനുമതി നിഷേധിച്ചതോടെ തടസ്സം നേരിട്ടു. ശനിയാഴ്ച കലക്ടറുടെ അനുമതിയോടെ കലവൂരിൽനിന്ന് യാത്ര പുനരാരംഭിച്ചപ്പോഴാണ് പുതിയ പ്രശ്നം. കപ്പൽ ഉൾപ്പെടെ വാഹനങ്ങൾ പാലത്തിൽ കയറുന്നതിനൊപ്പം ഉയരത്തിൽനിന്ന് ക്രെയിനിൽ ഇറക്കുേമ്പാൾ ഉണ്ടാകാവുന്ന സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. വിശദമായി പഠിച്ചശേഷം ദേശീയപാത അധികൃതർ തിങ്കളാഴ്ച അനുമതി നൽകുമെന്നാണ് അറിയുന്നത്.
അതിനിടെ, യാത്ര പാതിവഴിയിലെത്തിയതോടെ ബൈപാസ് വഴിയല്ലാതെ കൊണ്ടുപോകാനുള്ള നീക്കവും നടത്തിയിരുന്നു. ശവക്കോട്ടപ്പാലം വഴി ബീച്ചിലേക്ക് എത്തിക്കുന്നതിന് പടിഞ്ഞാറ് ഭാഗത്ത് തിരിയുന്നതിനുള്ള പ്രയാസവും റെയിൽവേ ട്രാക്കിലെ കമ്പികൾ അഴിച്ചുമാറ്റുന്നതും പ്രധാനതടസ്സമായതോെട ആ നീക്കവും ഉപേക്ഷിച്ചു.
ഇതിനിടെ, റോഡരികിൽ നിർത്തിയിട്ട നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ കാണാനും സെൽഫിയെടുക്കാനും ദൂരെസ്ഥലങ്ങളിൽനിന്നുപോലും നിരവധി കുടുംബങ്ങളാണ് എത്തുന്നത്. തിങ്കളാഴ്ച ബീച്ച് കൂടി തുറക്കുന്നതോടെ കപ്പൽ കാണാൻ വൻതിരക്കുണ്ടാകുമെന്നും കണക്കുകൂട്ടുന്നു.