മുഹമ്മ: മകളോടുള്ള വാത്സല്യത്താൽ വാങ്ങിയ കുതിര പ്രസവിച്ചതിന്റെ ആഹ്ലാദത്തിലാണ് മുഹമ്മ കാട്ടിപ്പറമ്പിൽ അനീഷിന്റെ കുടുംബം. തലേദിവസം പശുത്തൊഴുത്തിന് സമീപം കെട്ടിയ കുതിര, നേരം പുലർന്നപ്പോൾ കുട്ടിയുമായി നിൽക്കുന്നതാണ് വീട്ടുകാർ കണ്ടത്. അപ്രതീക്ഷിതമായി എത്തിയ അതിഥിയെ സ്നേഹലാളനകളാൽ മൂടുകയാണ് അനീഷും കുടുംബവും.
ആദ്യം അമ്മക്കുതിരയോട് ഒട്ടിനിന്ന കുട്ടി ഇപ്പോൾ വീട്ടുകാരുമായും ചങ്ങാത്തത്തിലാണ്. വീടിന് അകത്തും പുറത്തുമെല്ലാം യഥേഷ്ടം വിഹരിക്കുകയാണ്. മാരുതിയിൽ ഉദ്യോഗസ്ഥനായിരുന്ന അനീഷ് കോവിഡ്കാലത്ത് ജോലി രാജിവെച്ച് പശുവളർത്തലിലേക്ക് തിരിയുകയായിരുന്നു. വെച്ചൂർ, കാസർകോട് കുള്ളൻ തുടങ്ങിയ നാടൻപശു ഇനങ്ങൾക്കൊപ്പം മുന്തിയ ഇനം നായ്ക്കളെയും വളർത്തുന്നുണ്ട്.
മാതാവ് ചന്ദ്രമതിയും ഭാര്യ രൂപയും മകൾ തീർഥയുമെല്ലാം പുതിയ തൊഴിലിൽ അനീഷിന് താങ്ങും തണലുമായി നിന്നു. ഇടക്ക് ഒരു കുതിരയെ രസത്തിന് വാങ്ങിയെങ്കിലും പിന്നീട് വിറ്റു. ഇപ്പോഴുള്ള കുതിരയെ മകൾ തീർഥയുടെ നിർബന്ധത്തിന് വഴങ്ങിയാണ് വാങ്ങിയത്. തൃശൂരിലെ സുഹൃത്തുവഴിയാണ് കുതിരയെ വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞപ്പോഴാണ് കുതിര ഗർഭിണിയാണെന്ന് മനസ്സിലായത്. കുതിരക്കുടുംബത്തെ കാണാൻ നാട്ടുകാരും വിദ്യാർഥികളുമെല്ലാം എത്തുന്നുണ്ട്.