75 ദിവസത്തെ ചികിത്സയിലും ഫലം കണ്ടില്ല; വൈകല്യത്തിൽ പിറന്ന കുഞ്ഞ് വണ്ടാനം മെഡിക്കൽ കോളേജിൽ; ആരോഗ്യനില അതീവ ഗുരുതരം
text_fieldsആലപ്പുഴ: 75 ദിവസം നീണ്ട തിരുവനന്തപുരം എസ്.എ.ടി ചികിത്സയും ഫലംകാണാതെ വന്നതോടെ അസാധാരണ വൈകല്യത്തിൽ പിറന്ന കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
ഇപ്പോഴും കുഞ്ഞിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്. ഇതിനിടെ കുഞ്ഞിന്റെ മാതാവ് സുറുമി അസുഖബാധിതയായി കഴിഞ്ഞദിവസം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. മാതാവ് ആലപ്പുഴയിലായതിനാൽ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനുള്ള സൗകര്യാർഥം ആലപ്പുഴയിലേക്ക് കുഞ്ഞിനെ മാറ്റണമെന്ന പിതാവ് അനീഷിന്റെ ആവശ്യപ്രകാരമാണ് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
എസ്.എ.ടി ആശുപത്രിയിൽ കുഞ്ഞിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പിതാവ് അനീഷ് മുഹമ്മദ് ആരോപിച്ചു. നിരന്തരമായ ആശുപത്രി വാസവും മാനസികസമ്മർദവും മൂലം മാതാവ് സുറുമി കഴിഞ്ഞയാഴ്ച ആശുപത്രിയിൽ തലകറങ്ങി വീണു. എസ്.എ.ടി അധികൃതർ ആശുപത്രിയിൽ അഡ്മിറ്റാവാൻ നിർദേശിച്ചെങ്കിലും ആശുപത്രിയിൽ കിടക്ക ലഭ്യമല്ലെന്നും നിലത്ത് കിടക്കണമെന്നും അറിയിച്ചതോടെയാണ് ഡിസ്ചാർജ് വാങ്ങി സുറുമിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
ഇതോടെ പരിചരിക്കാൻ ആളില്ലാതെ വന്നു. കുഞ്ഞിന്റെ അമ്മൂമ്മമാരാണ് ഇപ്പോൾ പരിചരിക്കുന്നത്. കുഞ്ഞിന്റെ പരിചരണം ശിശുക്ഷേമ വകുപ്പ് ഏറ്റെടുക്കണമെന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചുപോകാൻ അനുമതി നൽകണമെന്നുമായിരുന്നു പിതാവിന്റെ ആവശ്യം. ഇതനുസരിച്ചാണ് ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളൊരുക്കി ആലപ്പുഴയിൽ എത്തിച്ചത്.
ജീവിതത്തിലേക്ക് തിരിച്ചെത്താൻ കുഞ്ഞിന് എത്രനാൾ കാത്തിരിക്കണമെന്ന കാര്യത്തിൽ ആരോഗ്യ വകുപ്പിനും കൃത്യമായ ഉത്തരമില്ല. കുഞ്ഞ് ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്ന് മാത്രമാണ് ഡോക്ടർമാർ പറയുന്നത്.
2024 നവംബർ എട്ടിനായിരുന്നു ജനനം. കുഞ്ഞ് ജനിച്ച നാൾ മുതൽ തുടങ്ങിയതാണ് ദുരിതം. ജനുവരി 15ന് കടുത്ത ശ്വാസംമുട്ടലിനെത്തുടർന്നാണ് കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
17നാണ് തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റിയത്. കടപ്പുറം വനിത ശിശു-ആശുപത്രിയിലെ ഡോക്ടർമാരുടെയും ആലപ്പുഴയിലെ രണ്ട് സ്വകാര്യ സ്കാനിങ് കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെയും പിഴവാണ് കുഞ്ഞിന്റെ അസാധാരണ രൂപത്തിന് കാരണമെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. സ്കാനിങ് കേന്ദ്രങ്ങൾ അടച്ചതുമാത്രമാണ് ഏകനടപടി. കഴിഞ്ഞദിവസം കുടുംബത്തിന് തപാലായി ലഭിച്ച അന്വേഷണ റിപ്പോർട്ടിൽ ചികിത്സവീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന ആരോഗ്യ വകുപ്പിന്റെ കുറ്റസമ്മതവും കുടുംബത്തിന് നേരിയ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

