അതിദാരിദ്ര്യ കണക്ക് തെറ്റി
text_fieldsആലപ്പുഴ: ജില്ല അതിദരിദ്ര മുക്തമാകാൻ ഒരുങ്ങവെ ഇനിയും എ.എ.വൈ റേഷൻകാർഡ് ഉടമകളായി ആയിരകണക്കിന് കുടുംബങ്ങൾ. ജില്ലയിൽ അതിദരിദ്രരായി 215 കുടുംബങ്ങൾ മാത്രമെന്ന് സെപ്റ്റംബർ ഒമ്പതിന് ജില്ലാഭരണകൂടം പുറത്തിറക്കിയ കണക്കിൽ പറയുന്നു. അതേസമയം സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്കിൽ അതിദരിദ്രർക്കുള്ള എ.എ.വൈ റേഷൻകാർഡ് ഉടമകൾ 38,841കുടുംബങ്ങളാണ്. 2,80,249 പിങ്ക് കാർഡ് ഉടമകളുമുണ്ട്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അതിദരിദ്രരെ കണ്ടെത്തുന്നത്. അന്തിമപട്ടിക പ്രകാരം അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയ 3,613 കുടുംബങ്ങളില്‍ 3,398 കുടുംബങ്ങളെയും അതിദാരിദ്ര്യ മുക്തമാക്കിയെന്നാണ് സർക്കാർ അറിയിപ്പിൽ പറയുന്നത്.
കഴിഞ്ഞ നാലുവർഷത്തിനിടെ 3,676 മഞ്ഞ കാർഡുടമകളെ മാത്രമാണ് പൊതു വിഭാഗത്തിലേക്ക് മാറ്റിയത്. അതിദരിദ്രരുടെ കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും കണക്കുകൾ രണ്ട്വഴിക്കാണ്. സംസ്ഥാന സർക്കാർ നേട്ടം കൈവരിച്ചു എന്ന് കാണിക്കാനാണ് ജില്ലാഭരണകൂടം അതിദരിദ്രർ നാമമാത്രമെന്ന കണക്ക് നിരത്തുന്നത്. അതനുസരിച്ച് റേഷൻ കാർഡുകൾ മാറ്റിയാൽ ജനം പ്രകോപിതരാവും. സംസ്ഥാനത്തിനുള്ള റേഷൻ വിഹിതവും ഗണ്യമായി കുറയുന്ന അവസ്ഥയുണ്ടാകും. അതൊഴിവാക്കുന്നതിനാണ് മഞ്ഞകാർഡുകാരെ കൂട്ടത്തോടെ മാറ്റുന്നതിന് മുതിരാത്തതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ജില്ലയിൽ അതിദരിദ്രരായി അവശേഷിക്കുന്ന കുടുംബങ്ങളെക്കൂടി രണ്ട് മാസത്തിനുള്ളില്‍ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച് ജില്ലയെ സമ്പൂര്‍ണ അതിദാരിദ്ര്യ മുക്തമാക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ അതിവേഗം പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിപ്പിൽ അവകാശപ്പെട്ടിരുന്നു.
എ.എ.വൈ കാർഡ് മാനദണ്ഡങ്ങൾ
15,000 രൂപ വരെ വാർഷിക വരുമാനം ലഭിക്കുന്ന കുടുംബങ്ങൾ, വാർധക്യ പെൻഷൻകാർ, ചെറുകിട- നാമമാത്ര കർഷകർ, ഭൂരഹിതരായ കർഷകത്തൊഴിലാളികൾ, ശാരീരിക വൈകല്യമുള്ളവർ, ദരിദ്രരായ വിധവകൾ, ഗ്രാമീണ കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, കൊല്ലപ്പണിക്കാർ, മരപ്പണിക്കാർ, ചേരി നിവാസികൾ തുടങ്ങിയ കരകൗശല വിദഗ്ധർ, ഓട്ടോതൊഴിലാളികൾ, ചേരിനിവാസികൾ, ചുമട്ട് തൊഴിലാളികൾ, നടപ്പാതകളിൽ പഴങ്ങളും പൂക്കളും വിൽക്കുന്നവർ, വീട്ടുജോലിക്കാർ, നിർമാണ തൊഴിലാളികൾ തുടങ്ങിയ വിഭാഗത്തിൽപെടുന്നവരാണ് അതിദരിദ്രർക്കുള്ള അന്ത്യോദയ അന്നയോജന കാർഡിന് അർഹതയുള്ളവർ. ഇതെല്ലാം പരിഗണിച്ച ശേഷമാണ് 38,841കുടുംബങ്ങൾക്ക് അതിദരിദ്രർക്കുള്ള എ.എ.വൈ കാർഡ് നൽകിയത്.
അതിദരിദ്രരെ ഇല്ലാതാക്കിയതിന്റെ കാരണങ്ങൾ
ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ജൂലൈയിലെ മാര്‍ഗരേഖപ്രകാരം ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. ഈ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൈക്രോപ്ലാനുകൾ ആവിഷ്കരിച്ചു നടപ്പിലാക്കി.
മൈക്രോപ്ലാൻ പ്രകാരം ഭക്ഷണം, മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി. ടിസ്ഥാന രേഖകളില്ലാത്തവര്‍ക്ക് ‘അവകാശം അതിവേഗം’ യഞ്ജത്തിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹ്യ സുരക്ഷാ പെന്ഷന് എന്നിവ ലഭ്യമാക്കി.ഇത്തരത്തില്‍ 1423 എണ്ണം അടിയന്തര രേഖകളാണ് ജില്ലയില്‍ വിതരണംചെയ്തത്. ഭക്ഷണം, ആരോഗ്യ സേവനങ്ങള്‍, സാമൂഹ്യ സുരക്ഷാ പെന്ഷന്, അതിദാരിദ്ര പട്ടികയില്‍ വീട് ആവശ്യമുള്ളവര്‍ക്ക് ലൈഫ് മിഷനില്‍ വീട് തുടങ്ങിയവയും സജ്ജമാക്കി. ഇതെല്ലാം ലഭ്യമാക്കിയവരെയാണ് അതിദരിദ്ര പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് ജില്ലാഭരണകൂടം പറയുന്നു. അടിസ്ഥാന കാര്യമായ വരുമാനം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും ചെയ്തതായി പറയുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

