ദേശീയപാത വികസനത്തിന് വേഗമേറി
text_fieldsദേശീയപാത ആറുവരിയാക്കുന്ന നിർമാണത്തിന്റെ ഭാഗമായി കലവൂരിൽ യന്ത്രമുപയോഗിച്ച്
മണ്ണിട്ട് റോഡ് നിരപ്പാക്കുന്നു
ആലപ്പുഴ: ദേശീയപാത വികസന ഭാഗമായി ആരംഭിച്ച ആറുവരിപ്പാതയുടെ നിർമാണപ്രവർത്തനങ്ങൾക്ക് വേഗമേറി. ഓടനിർമാണവും റോഡ് നിരപ്പാക്കുന്ന പ്രവർത്തനവുമാണ് നിലവിൽ പുരോഗമിക്കുന്നത്.ഇതിനൊപ്പം ആലപ്പുഴയിലെ സമാന്തര ബൈപാസ് പണിയും തകൃതിയാണ്. 12.75 കിലോമീറ്റർ നീളമുള്ള തുറവൂർ-അരൂർ ആകാശപ്പാതയടക്കം മൂന്ന് ഉയരപ്പാതയുണ്ടാകും. അരൂർ-തുറവൂർ ആകാശപ്പാത രാജ്യത്തെ ഒറ്റത്തൂണിലെ ഏറ്റവും വലിയ മേൽപാതയാകും.
ആലപ്പുഴ ബൈപാസിലും ചേപ്പാട്ടുമാണ് മറ്റ് ഉയരപ്പാതയുള്ളത്. ആഗസ്റ്റ് അഞ്ചിനാണ് ആലപ്പുഴ സമാന്തര ബൈപാസിന്റെ പണി തുടങ്ങിയത്. 3.43 കിലോമീറ്റർ ദൂരമുള്ള മേൽപാലത്തിന്റെ നിർമാണത്തിന് 95 സ്പാനുകളും 96 തൂണുകളുമുണ്ടാകും. കാഞ്ഞിരംചിറയിലും കുതിരപ്പന്തിയിലും റെയിൽപാതക്ക് മുകളിലൂടെയാണ് ബൈപാസ് നിർമിക്കുന്നത്.
ആദ്യബൈപാസിന്റെ നിർമാണകാലത്ത് പ്രധാനതടസ്സമായി മാറിയത് റെയിൽപാതക്ക് കുറുകെയുള്ള പണികൾക്ക് അനുമതി കിട്ടാനുള്ള തടസ്സങ്ങളായിരുന്നു. കേന്ദ്ര സർക്കാറിന്റെ ഭാരത് മാല പദ്ധതിയുടെ ഭാഗമായി പണിയുന്ന സമാന്തര ബൈപാസ് 2024ൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.ജില്ലയിൽ തുറവൂർ മുതൽ കൃഷ്ണപുരം വരെയാണ് ദേശീയപാത കടന്നുപോകുന്നത്. തുറവൂർ-പറവൂർ, പറവൂർ-കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര-കൃഷ്ണപുരം എന്നിങ്ങനെ മൂന്ന് റീച്ചായി തിരിച്ചാണ് നിർമാണം. മീഡിയനോട് കൂടിയ നാലുവരിപ്പാതക്ക് ഇരുവശത്തും സർവിസ് റോഡും ഒന്നരമീറ്റർ വീതിയുള്ള നടപ്പാതയുമുണ്ടാകും.
തുറവൂർ-അരൂർ ആകാശപ്പാത തുടങ്ങുന്നിടത്ത് പ്രധാനപാതയിലേക്ക് കയറാൻ റാംപ് നിർമിക്കും. പൊന്നാംവെളിക്കും ചേർത്തല എക്സ്റേ ജങ്ഷനുമിടയിൽ മൂന്നിടത്താണ് പ്രവേശനം. എക്സ്റേ ജങ്ഷൻ, മാരാരിക്കുളം എന്നിവിടങ്ങളിൽ മേൽപാലങ്ങളുടെ വശങ്ങളിൽനിന്ന് കടക്കാനാവും.ഗ്രാമീണപാതകൾ ദേശീയപാതയിലേക്കെത്തുന്ന 32 കേന്ദ്രങ്ങളിൽ അടിപ്പാതയുണ്ട്. ഏഴ് പ്രധാന ജങ്ഷനിലും റെയിൽവേ കടന്നുപോകുന്ന മൂന്നിടത്തും മേൽപാലങ്ങളുണ്ട്. ചെറുപാലങ്ങളടക്കം ഒമ്പത് എണ്ണം വേറെയുമുണ്ട്.
ചെറുവാഹനങ്ങൾക്ക് കടന്നുപോകാവുന്ന എസ്.വി.യു.പി (സ്മോൾ വെഹിക്കിൾ അണ്ടർപാസ്), വലിയവാഹനങ്ങൾക്കുള്ള എൽ.വി.യു.പി (ലൈറ്റ് വെഹിക്കിൾ അണ്ടർപാസ്), വി.യു.പി (വെഹിക്കിൾ അണ്ടർപാസ്) എന്നിങ്ങനെ മൂന്നുതരം അടിപ്പാതകളാണ് നിർമിക്കുന്നത്. കായംകുളം കെ.എസ്.ആർ.ടി.സി ജങ്ഷനിലും ഇതേരീതിയിലാണ് നിർമാണം.ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാൻ ജില്ലയിൽ 40 കേന്ദ്രങ്ങളുണ്ട്. തുറവൂർ-പറവൂർ ഭാഗത്ത് 18ഉം പറവൂർ-കൊറ്റുകുളങ്ങര ഭാഗത്ത് 22ഉം സ്ഥലങ്ങളിലാണ് പ്രവേശനമുള്ളത്.
ആറുവരിപ്പാതയിലെ പാലങ്ങൾ
ഉയരപ്പാത
അരൂർ-തുറവൂർ ആകാശപ്പാത
ആലപ്പുഴ ബൈപാസ് സമാന്തരപ്പാത
ചേപ്പാട് പള്ളി
മേൽപാലങ്ങൾ
ബൈപാസ് മാളികമുക്ക്
കുതിരപ്പന്തി റെയിൽവേ മേൽപാലം
അമ്പലപ്പുഴ കക്കാഴം റെയിൽവേ മേൽപാലം
തുറവൂർ ജങ്ഷൻ
ചേർത്തല എക്സ്റേ ജങ്ഷൻ
മാരാരിക്കുളം പൊലീസ് സ്റ്റേഷൻ
ഹരിപ്പാട് മാധവ ജങ്ഷൻ
ഹരിപ്പാട് ആശുപത്രി ജങ്ഷൻ
നങ്ങ്യാർകുളങ്ങര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

