തടസ്സങ്ങൾ നീങ്ങി; പള്ളാത്തുരുത്തിയിൽ പുതിയപാലം നിർമാണം വേഗത്തിലായി
text_fieldsഎ.സി റോഡിൽ പള്ളാത്തുരുത്തിയിൽ പുതിയ പാലത്തിനായി പൈലിങ് പുരോഗമിക്കുന്നു
ആലപ്പുഴ: നിർമാണത്തിനുള്ള തടസ്സങ്ങൾ നീങ്ങിയതോടെ എ.സി റോഡിലെ പള്ളാത്തുരുത്തിയിൽ പുതിയപാലം നിർമാണം വേഗതയിലായി. തൂണുകൾ സ്ഥാപിക്കുന്നതിന് പമ്പാനദിയിൽ പൈലിങ് തുടങ്ങി. ദേശീയ ജലപാത അതോറിറ്റി ഉന്നയിച്ച തടസവാദം, കെ.എസ്.ഇ.ബി ലൈനിന്റെ ഉയരംകൂട്ടൽ തുടങ്ങിയവയിൽ കുരുങ്ങി പള്ളാതുരുത്തി പാലം നിർമാണം വൈകുകയായിരുന്നു.
ദേശീയ ജലപാത അതോറിറ്റി നിർദേശിച്ചതനുസരിച്ച് പാലം ഉയരം കൂട്ടിയാണ് നിർമിക്കുന്നത്. അപ്പോഴാണ് കെ.എസ്.ഇ.ബിയുടെ 110 കെ.വി ലൈൻ തടസമായത്. ലൈൻ ഉയരംകൂട്ടാൻ കെ.എസ്.ഇ.ബി സമ്മതിച്ചെങ്കിലും ടവറുകളുടെ നിർമാണത്തിന് നെൽപാടത്തെ കൃഷി തടസമായി. ഇപ്പോൾ കൊയ്ത്ത് കഴിഞ്ഞതോടെ ടവർ ഉയരംകൂട്ടുന്നതിനുള്ള ജോലികൾ കെ.എസ്.ഇ.ബി തുടങ്ങി. അതിനൊപ്പമാണ് പാലം നിർമാണത്തിനായി പൈലിങും വേഗത്തിലാക്കിയത്.
വലിയഴീക്കൽ മാതൃകയിൽ വില്ലിന്റെ ആകൃതിയിലുള്ള ‘ബോ - സ്ട്രിങ്’ പാലമാണ് പള്ളാത്തുരുത്തിയിൽ നിർമിക്കുന്നത്. പണിപൂർത്തിയാകുമ്പോൾ പുതിയ പാലം മുകളിലും പഴയത് താഴെയും ആകും. പാലങ്ങളിലൂടെ ഒരു വശത്തേക്ക് മാത്രമായിരിക്കും ഗതാഗതം അനുവദിക്കുക. റോഡിന്റെ നിർമാണവേളയിൽ നിലവിലുള്ള പാലത്തിനു സമാന്തരമായി അതേ അളവിൽ പാലം നിർമ്മിക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത്. പണി തുടങ്ങുകയും ചെയ്തിരുന്നു. ദേശീയ ജലപാത ആയതിനാൽ നിർദിഷ്ട ഉയരം ഇല്ലാത്തതിനാൽ ദേശീയ ജലപാത അതോറിറ്റി പണി നിർത്തിവെപ്പിക്കുകയായിരുന്നു. രൂപരേഖ പുതുക്കി നൽകിയതോടെയാണ് അംഗീകാരം ലഭിച്ചത്. ഇതനുസരിച്ച് നിർമാണം നടത്തുന്നതിന് എസ്റ്റിമേറ്റിൽ 30 കോടി രൂപയുടെ വർധന വേണ്ടിവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

