കത്തിനശിച്ച ആക്രിക്കടക്ക് പഞ്ചായത്ത് ലൈസൻസ് ഇല്ല
text_fieldsകോടംതുരുത്തിലെ കത്തി നശിച്ച ആക്രിക്കട
തുറവൂർ: കോടംതുരുത്ത് ഹൈസ്കൂളിന് സമീപം ആക്രിക്കടക്ക് തീപിടിച്ച സംഭവം പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും വൈദ്യുതി വകുപ്പും പരിശോധന നടത്തി.
സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മതിയായ സുരക്ഷയില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും അധികൃതർ പറഞ്ഞു. ബുധനാഴ്ച രാത്രി 8.45നായിരുന്നു ആക്രിക്കടയിൽനിന്ന് പുക ഉയർന്നത്. തീ പിടിക്കാനുണ്ടായ കാരണം കണ്ടെത്താനായില്ല. ആലപ്പുഴ, ചേർത്തല, അരൂർ, മട്ടാഞ്ചേരി, കടവന്തറ, തൃക്കാക്കര സ്റ്റേഷനുകളിൽ നിന്നായി എട്ടു യൂനിറ്റ് അഗ്നിരക്ഷാ സേന എട്ടു മണിക്കൂർ പരിശ്രമിച്ചാണ് തീയണക്കാൻ കഴിഞ്ഞത്. പുലർച്ച വീണ്ടും തീയുയർന്നതോടെ അരൂരിൽ നിന്നുള്ള രണ്ട് യൂനിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. അപകടത്തിൽ പാതയോരത്തുകൂടി പോകുന്ന വൈദ്യുതി വകുപ്പിന്റെ 11 കെ.വി കേബിൾ 100 മീറ്ററോളം കത്തിനശിച്ചു. കൂടാതെ സമീപ പോസ്റ്റിലും സ്കൂളിലുമുണ്ടായിരുന്ന വൈദ്യുതി മീറ്ററുകളും വയറിങ്ങും കത്തിനശിച്ചിട്ടുണ്ട്.
60,000 രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പ് കണക്കാക്കുന്നത്. കൂടാതെ ഉയരപ്പാതയുടെ മുകളിൽനിന്ന് താഴേക്ക് വലിച്ചിരുന്ന ഡ്രൈനേജ് പൈപ്പുകളും കത്തി താഴേക്കു പതിച്ചു. സമീപ വീടിന്റെ ജനാല കത്തി. ഭിത്തിക്ക് കേടുപാട് സംഭവിച്ചു. ആക്രിക്കട കത്തിയമർന്ന ഭാഗത്തെ ഉയരപ്പാതയോടു ചേർന്നുള്ള ഭാഗവും നിർമാണ കമ്പനിയുടെ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

