ഭീഷണിയായി ആഫ്രിക്കൻ ഒച്ച്
text_fieldsജില്ലയിൽ വ്യാപകമാകുന്ന ആഫ്രിക്കൻ ഒച്ച്
ആലപ്പുഴ: മഴയിൽ ജില്ലയിലെ വിവിധഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കൻ സ്നേൽ) സാന്നിധ്യം വ്യാപകം. ഇവയുടെ സ്രവങ്ങളിൽ കാണുന്ന പരാദവിര മനുഷ്യരിൽ രോഗം പടർത്തുമെന്ന് ആശങ്ക. ഇത് മനുഷ്യരിൽ മസ്തിഷ്ക ജ്വരത്തിന് കാരണമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ പച്ചക്കറികൾ അടക്കമുള്ള കാർഷിക വിളകളെ ഇവ നശിപ്പിക്കും. അതിനാൽ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കീടനീരിക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. എലി നിയന്ത്രണത്തിലെന്നപോലെ കൂട്ടായ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാർഗങ്ങൾ അവലംബിച്ചാൽ മാത്രമേ ഇവയെ ഇല്ലാതാക്കാന്‍ കഴിയൂ.
സാമൂഹികാരോഗ്യ പ്രശ്നമായി കണക്കാക്കി തദ്ദേശസ്ഥാപനങ്ങൾ, കൃഷി, ആരോഗ്യവകുപ്പുകൾ, സന്നദ്ധ സംഘടനകൾ, കാർഷിക കൂട്ടായ്മകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ വിപുലമായ ബോധവത്കരണവും നിയന്ത്രണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തണം. വാഴയിലക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്.
ഇവയുടെ പ്രത്യുൽപാദനശേഷിയും വളരെകൂടുതലാണ്. ആൺ-പെൺ ജാതികൾ ഒരേജീവിയിൽ തന്നെയാണ്. ഒരുഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയിൽ 90 ശതമാനവും വിരിഞ്ഞിറങ്ങും. അനുകൂല സാഹചര്യങ്ങളിൽ ഏഴ് മുതൽ 10വർഷം വരെ ജീവിക്കുന്ന ഇവയുടെ വംശവർധനവ് ഭീമമായ തോതിൽ നടക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശമാകെ പെരുകുകയും ചെയ്യും. ഇവയുടെ ഷെൽ നിർമിതിക്ക് കൂടിയ അളവിൽ കാത്സ്യം ആവശ്യമായതിനാലാണ് മതിലുകൾ, ചുമരുകൾ, സിമന്റ് തേച്ച സ്ഥലങ്ങൾ മുതലായ ഇടങ്ങളിൽ കൂട്ടമായി കാണപ്പെടുന്നത്.
നിയന്ത്രണ മാർഗങ്ങൾ
- ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കുക
- കാടുകയറികിടക്കുന്ന പറമ്പുകൾ വൃത്തിയാക്കുക
- പുറത്തേക്ക് കൂട്ടമായി വരുന്നത് രാത്രികാലത്താണ്
- പപ്പായയുടെ ഇല, തണ്ട്, മുരിങ്ങയില, കാബേജ് ഇലകൾ എന്നിവ നനഞ്ഞ ചണച്ചാക്കിലാക്കി ഒരുദിവസം വെച്ചശേഷം പുറത്തുവെക്കുക
- ഇവയിലേക്ക് ആകർഷിക്കപ്പെടുന്ന ഒച്ചുകളെ കുഴിയിലിട്ട് ഉപ്പ് വിതറിയും തുരിശുലായനി തളിച്ചും നശിപ്പിക്കാം
- തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ വളമായും മാറും
- ഗ്ലൗസ് ഇടാതെ ഒച്ചിനെ കൈകാര്യം ചെയ്യരുത്. തുടർന്ന് കൈകൾ സോപ്പിട്ട് കഴുകണം
- മണ്ണിൽ ഒരടി താഴ്ചയിൽ കുഴിയെടുത്ത്, അതിൽ ഒരുദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ എന്നിവ ശർക്കരയും യീസ്റ്റും ചേർത്ത് ഇട്ടുകൊടുക്കുക
- 60ഗ്രാം തുരിശ് ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചാൽ മതിലുകളിലും തടികളിലും മറ്റുമുള്ള ഒച്ചുകളെ നശിപ്പിക്കാം
- പറമ്പുകളിലാണെങ്കിൽ 10 ഗ്രാം തുരിശ് ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക
- വേനൽ വന്നാൽ ഒച്ചുകൾ മണ്ണിനടിയിലേക്ക് പോകും. വീണ്ടും മഴ ആരംഭിക്കുമ്പോൾ കൂട്ടമായി പ്രത്യക്ഷപ്പെടും
- മഴക്കാലം കഴിയുമ്പോൾ മണ്ണിളക്കി കൊടുത്താൽ ഒച്ചുകൾ മണ്ണിനടിയിലിട്ട മുട്ടകൾ നശിച്ചുപോകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

