തുറക്കൽ വീണ്ടും തെറ്റി; മാലിന്യം അടിഞ്ഞ് തണ്ണീർമുക്കം ബണ്ട്
text_fieldsആലപ്പുഴ: തണ്ണീർമുക്കം ബണ്ട് സമയക്രമം പാലിച്ച് തുറക്കാൻ കഴിയാത്തതിനാൽ നീരൊഴുക്ക് നിലച്ച് മലിന്യം അടിഞ്ഞു. പായലും പോളയും കെട്ടിക്കിടന്ന് അഴുകി. മറ്റു മാലിന്യവും കായലിൽ നിറഞ്ഞിട്ടുണ്ട്.
മൂന്നുമാസമായി അടഞ്ഞുകിടക്കുന്ന ബണ്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. വേനൽ കടുത്തതോടെ ബണ്ടിന്റെ തെക്കുഭാഗത്ത് ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. ബണ്ട് അടച്ചതിനാൽ നീരൊഴുക്കില്ലെങ്കിലും മാലിന്യങ്ങളുടെ ഒഴുക്ക് കുറയുന്നില്ല. രാത്രികളിൽ ശുചിമുറി മാലിന്യം ഉൾപ്പെടെയാണ് കായലിൽ തള്ളുന്നത്. മാംസാവശിഷ്ടങ്ങൾ അഴുകി കായലിൽ ഒഴുകുകയാണ്. മലിനീകരിക്കപ്പെട്ട വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതോടെ മത്സ്യസമ്പത്തിനും നാശമുണ്ടാകുന്നു.
മാർച്ച് 15ന് തുറക്കാനായിരുന്നു മന്ത്രിതല ചർച്ചയിലെ തീരുമാനം. ഇതാണ് നടക്കാതെപോയത്. ആലപ്പുഴ, കോട്ടയം കലക്ടർമാർ, കർഷക പ്രതിനിധികൾ, ജലസേചന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ യോഗത്തിലാണ് ബണ്ട് തുറക്കുന്നതിന്റെ സമയക്രമം തീരുമാനിക്കുന്നത്. ഈ യോഗം എന്നുചേരണമെന്നുപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഡിസംബർ 15ന് അടക്കുകയും മാർച്ച് 15ന് തുറക്കുകയും ചെയ്യണമെന്നമെന്നാണ് വിദഗ്ധ നിർദേശം. മാർച്ച് 15ന് തുറക്കുക എന്നത് ബണ്ട് കമീഷൻ ചെയ്ത കാലത്തെടുത്ത തീരുമാനമാണ്.
നെൽകൃഷി വിളവെടുപ്പ് യഥാസമയം പൂർത്തിയാകാത്തതാണ് ഷട്ടറുകൾ തുറക്കുന്നതിന്റെ താളംതെറ്റിക്കുന്നത്. ഇത്തവണ ഇതുവരെ വിളവെടുപ്പ് പൂർത്തിയായിട്ടില്ല.
കാർഷിക കലണ്ടർ പ്രകാരമാകണം കുട്ടനാട്ടിലെ കൃഷിയെന്ന് വർഷങ്ങളായി സർക്കാറും വിദഗ്ധരും പറയുന്നുണ്ടെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല. നിലമൊരുക്കൽ മുതൽ എല്ലാ കൃഷിജോലികളും കുട്ടനാട്ടിൽ സമയക്രമം പാലിച്ച് നടന്നാലെ ഇത് നടപ്പാകൂ. പാടശേഖര സമിതികൾ തമ്മിൽ ഏകോപനമില്ലാത്തതിനാൽ വിതയും വിളവെടുപ്പുമെല്ലാം പല സമയത്താണ്.
സമയത്ത് ബണ്ട് തുറക്കാത്തതിനാൽ മത്സ്യസമ്പത്ത് നശിക്കുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഇവിടെ വർഷത്തിൽ 400 ടൺ ആറ്റുകൊഞ്ച് വരെ ലഭിച്ചിരുന്നു. ഇപ്പോൾ 50 കിലോ പോലും ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

