തെരുവുവിളക്ക് സ്ഥാപിക്കാൻ ടെൻഡർ; ആറാട്ടുപുഴ പഞ്ചായത്തിൽ ക്രമക്കേട്
text_fieldsആറാട്ടുപുഴ: തെരുവുവിളക്ക് സ്ഥാപിക്കുന്നതിന് ടെൻഡർ നൽകിയതിൽ ആറാട്ടുപുഴ പഞ്ചായത്തിൽ ക്രമക്കേട്.
ആറാട്ടുപുഴ പഞ്ചായത്ത് മുൻ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം തുടങ്ങി. ടെൻഡർ നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയതായി തദ്ദേശവകുപ്പിന്റെ കോഓഡിനേഷൻ സമിതി കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം. പഞ്ചായത്തിൽ എൽ.ഇ.ഡി തെരുവുവിളക്ക് സ്ഥാപിക്കുന്നതായിരുന്നു പദ്ധതി.
ഇതിനായി കമലാസനൻ, പ്രതീക്ഷ എന്റർപ്രൈസസ് എന്നയാളുടെ ടെൻഡർ അംഗീകരിച്ചു. എന്നാൽ, പണി പൂർത്തിയായിട്ടും കരാറുകാരന് നൽകേണ്ട 4,91,175 രൂപ നൽകിയില്ല. തുടർന്ന് പദ്ധതി 2021-22ലേക്കുള്ള തുടർപദ്ധതിയായി ഉൾപ്പെടുത്തി പണംനൽകാൻ ഭരണസമിതി തീരുമാനിച്ചു.
കരാർ നടപടി പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പണം നൽകാൻ നിലവിലെ സെക്രട്ടറിയും തയാറായില്ല. തുടർന്നാണ് കോഓഡിനേഷൻ സമിതി പരിശോധന നടത്തിയതും മുൻ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതും. 20 വാട്സിന്റെ ബൾബ് സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചത്. ഇതനുസരിച്ച് കരാർ ഏറ്റെടുത്തയാളൊഴികെ ബാക്കിയെല്ലാവരും 20 വാട്സിന്റെ ബൾബ് സ്ഥാപിക്കാൻ നിരക്ക് നൽകി.
ടെൻഡർ ഏറ്റെടുത്തയാൾ 14 വാട്സിന്റെ ബൾബിടാനുള്ള നിരക്കും നൽകി. 14 വാട്സ് ഇടാൻ നൽകിയ ടെൻഡറാണ് ഭരണസമിതി അംഗീകരിച്ചത്. ടെൻഡർ ഫോമിൽ അടങ്കൽനിരക്കോ കൃത്യമായ വിവരങ്ങളോ നൽകിയില്ല. നിരതദ്രവ്യം അടപ്പിച്ചില്ല.
കരാറേറ്റെടുത്ത വ്യക്തിയും പഞ്ചായത്തുമായി ഔദ്യോഗിക കരാറിൽ ഏർപ്പെട്ടിട്ടുമില്ല. ബൾബിന്റെ ഗുണനിലവാര സാക്ഷ്യപത്രം ലഭ്യമല്ല. മെയിന്റനൻസ് നടത്തി ബൾബ് സ്ഥാപിച്ചെന്ന് മെംബർമാരുടെ സാക്ഷ്യപത്രവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

