നഗരത്തിലെ തിരക്ക് കുറയും; താൽക്കാലിക ഇരുമ്പുപാലം തുറന്നു
text_fieldsപുതിയതായി നിർമിച്ച താൽക്കാലിക ഇരുമ്പ് പാലത്തിലൂടെ യാത്രചെയ്യുന്നവർ
ആലപ്പുഴ: നഗരചരിത്രത്തിൽ എഴുതപ്പെട്ട നിരവധി പാലങ്ങൾ ആലപ്പുഴക്ക് സ്വന്തമായുണ്ടെങ്കിലും നാട്ടുകാരുടെ മനസിൽ ആദ്യം ഓടിഎത്തുന്നത് ഇരുമ്പ് പാലമാണ്. കാലപ്പഴക്കവും നഗരവികസനവും കണക്കിലെടുത്ത് ഇരുമ്പുപാലം പൊളിച്ച് പുതിയ കോൺക്രീറ്റ് പാലം നിർമിച്ചെങ്കിലും ഇന്നും പേര് നിലനില്‍ക്കുന്നത് പഴമയെ തഴുകിതന്നെയാണ്.
ഇതിന് സമാന്തരമായി കിഴക്കിന്‍റെ വെനീസിന് അഴകായി ഹൗസ് ബോട്ട് മാതൃകയിൽ പുതിയ നടപ്പാലം നിർമിച്ചിട്ടുണ്ടെങ്കിലും പുതിയ താൽക്കാലിക നടപ്പാലം പഴമകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് നിർമിച്ചിട്ടുള്ളത്.നഗര മുഖഛായമാറ്റുന്നതിന്‍റെ ഭാഗമായി ജില്ലാക്കോടതിപ്പാലം പൊളിച്ചതോടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് ഇവിടെ താൽക്കാലിക നടപ്പാലം നിർമിച്ചത്.
നഗരത്തിന്‍റെ പ്രതാപകാലത്തെ ഓർമപ്പെടുത്തുന്നതരത്തിൽ ഇരുമ്പുകൊണ്ടാണ് പാലം നിർമിച്ചിരിക്കുന്നത്. വാടത്തോട്ടിൽ തെങ്ങ് കുറ്റികൾ നാട്ടി അതിന് മുകളിൽ കുറുകെ ഇരുമ്പ് ചാനലുകൾ സ്ഥാപിച്ചശേഷം മുകളിൽ ഇരുമ്പ് പ്ലേറ്റുകൾ ഉറപ്പിച്ചാണ് താൽക്കാലിക പാലം നിർമിച്ചിരിക്കുന്നത്. വശങ്ങളിൽ കൈവരികളും ഇരുമ്പുകൊണ്ട് വെൽഡ് ചെയ്തു പിടിപ്പിച്ചിരിക്കുകയാണ്. മുല്ലയ്ക്കൽ ചിറപ്പിന്റെയും കിടങ്ങാംപറമ്പ് ഉത്സവത്തിന്റെയും ജനത്തിരക്ക് കണക്കിലെടുത്താണ് പാലം നിർമിച്ചത്.
തിരക്ക് കൂടുന്ന ദിവസം മുതൽ താൽക്കാലിക പാലത്തിലൂടെ സഞ്ചരിക്കാൻ കഴിയുമെന്നത് വലിയ ആശ്വാസമായി.നാലു മീറ്റർ വീതിയിൽ നിർമിച്ച താൽക്കാലിക പാലം ചിറപ്പ്, ഉത്സവം, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കഴിയുന്നതോടെ പൊളിച്ചുനീക്കും. തോടിന്റെ വടക്കേക്കരയിൽ കുറച്ചു ഭാഗം മണ്ണിട്ടു നികത്തി എസ്.ഡി.വി സ്കൂളിന്റെ തെക്കേ അതിർത്തിയിൽ കൂടി ജില്ലാക്കോടതി റോഡിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് നടപ്പാലം. പാലത്തിൽ നിന്നിറങ്ങിയാൽ റോഡിലേക്ക് പോകാൻ മണ്ണ് നിരത്തി പാതയൊരുക്കിയിട്ടുണ്ട്.
ചിറപ്പ്, ഉത്സവ നഗരിയിലേക്ക് ജനങ്ങളുടെ വരവ് വർധിക്കുന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് കണക്കിലെടുത്താണ് താൽക്കാലിക നടപ്പാലം നിർമിച്ചത്. കോടതിപ്പാലം പൊളിച്ചതോടെ കച്ചവടക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിറപ്പും ഉത്സവവും ക്രിസ്മസും നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാക്കിയിരുന്നു. പാലങ്ങളുടെ നിർമാണം നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതും നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. പ്രധാനപ്പെട്ട എല്ലാ റോഡിലും വഴികളിലും ഏറെ നേരം വാഹനങ്ങളും യാത്രക്കാരും കുടുങ്ങിക്കിടന്നു.
ജില്ലക്കോടതി പാലം വഴിയുള്ള ഗതാഗതം നിരോധിക്കുകയും നഗരചത്വരം വഴി താൽക്കാലികമായി നിർമിച്ച വഴി പോരാതെ വരികയും ചെയ്തതോടെ മുല്ലയ്ക്കൽ, ഔട്പോസ്റ്റ്-കല്ലുപാലം, കല്ലുപാലം-ഇരുമ്പുപാലം, വഴിച്ചേരി-മുല്ലയ്ക്കൽ, കൊട്ടാരപ്പാലം-കല്ലുപാലം, ഇരുമ്പുപാലം-ജനറൽ ആശുപത്രി ജംങ്ഷൻ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പുതിയ താൽക്കാലികപാലം തുറന്നുകൊടുത്തെങ്കിലും വാഹനങ്ങൾക്ക് പ്രവേശനമില്ല. എങ്കിലും ചിറപ്പ്,ഉത്സവങ്ങൾ ആഘോഷിക്കാൻ എത്തുന്നവർക്കും നഗരക്കാഴ്ചകൾ കാണാനെത്തുന്നവർക്കും പുതിയ നടപ്പാലം സഹായമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

