നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ ‘താൽക്കാലിക നടപ്പാലം’ നാളെ തുറക്കും
text_fieldsആഘോഷനാളുകളിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ആലപ്പുഴ ജില്ല കോടതി പാലത്തിന് സമാന്തരമായ നടപ്പാലത്തിന്‍റെ നിർമാണം അവസാനഘട്ടത്തിലെത്തിയപ്പോൾ
ആലപ്പുഴ: ആഘോഷരാവുകളിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കനാലിന് കുറുകെ നിർമിച്ച നടപ്പാലം ഞായറാഴ്ച തുറക്കും. മുല്ലക്കൽ ചിറപ്പ്, കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം തുടങ്ങിയ ആഘോഷങ്ങൾക്ക് ജനയാത്ര സുഗമാക്കാൻ ജില്ല കോടതി പാലത്തിന് സമീപം ഒരുക്കുന്ന താൽക്കാലിക നടപ്പാലം നിർമാണം അവസാനഘട്ടത്തിലാണ്.
വാടക്കാനാലിന് കുറുകെ എസ്.ഡി.വി സ്കൂളിന്റെ തെക്കേ അതിർത്തിയിൽനിന്ന് ജില്ല കോടതി റോഡിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് പാലം നിർമിക്കുന്നത്. തെങ്ങുകുറ്റികൾ താഴ്ത്തി അതിനു മുകളിൽ ഇരുമ്പ് ബീമുകൾ സ്ഥാപിച്ചാണ് 24 മീറ്റർ നീളമുള്ള പാലം നിർമിക്കുന്നത്. വശങ്ങളിൽ ഇരുമ്പ് കൈവരികളും സ്ഥാപിക്കും.
റോഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ മണ്ണ് നിരത്തി പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്. മൂന്നുമാസത്തേക്കാണ് പാലമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ചിറപ്പ് ആഘോഷങ്ങൾ അവസാനിച്ചാലുടൻ ഈ താൽക്കാലിക പാലം പൊളിക്കുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, താൽക്കാലിക പാലം പണിയുന്നതിനിടയിലും പുതിയ ജില്ല കോടതി പാലത്തിന്റെ പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. നിലവിൽ 30 ശതമാനം നിർമാണം പൂർത്തിയായി.
പ്രധാന പാലത്തിന്റെ തെക്കുഭാഗത്തായുള്ള പൈലിങ് ജോലികൾ നടക്കുകയാണ്. ഇതോടൊപ്പം റാമ്പ് റോഡ്, ഫ്ലൈഓവറിനായുള്ള നിർമാണ പ്രവൃത്തികൾ, വടക്കുഭാഗത്തായി നിർമിക്കുന്ന ഓടയുടെ നിർമാണ പ്രവൃത്തികൾ എന്നിവയാണ് പുരോഗമിക്കുന്നത്. വടക്കുഭാഗത്തെ പൈലിങ് പ്രവൃത്തികളെല്ലാം പൂർത്തിയായി.
ആകെ 168 പൈലുകളാണ് പാലത്തിനുള്ളത്. ഇതിൽ 97 എണ്ണം പൂർത്തിയായി. വാഹനങ്ങളുടെ വേഗം ക്രമീകരിക്കാനാകുന്ന റൗണ്ട് എബൗട്ട് മാതൃകയിൽ നിർമിക്കുന്ന ജില്ല കോടതിപ്പാലത്തിന് കനാലിന്റെ ഇരു കരകളിലും നാല് വശങ്ങളിലേക്കായി നിർമിക്കുന്ന ഫ്ലൈഓവറുകളും അടിപ്പാതയും റാമ്പ് റോഡുകളും പ്രധാന പാലവും ഉൾപ്പെടെ 600 മീറ്റർ നീളമാണുള്ളത്. പ്രധാന പാലത്തിന് മാത്രം 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വാടക്കനാലിന് കുറുകെയാണ് പാലം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

