ആലപ്പുഴ: കളിക്കാനും ചിരിക്കാനും പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപികയെ കാണാൻ വത്സലശിഷ്യരെത്തി. ആലപ്പുഴ സെൻറ് മൈക്കിൾസ് സ്കൂളിലെ 1997-98 ബാച്ചിലെ വിദ്യാർഥികളാണ് തങ്ങളെ എല്ലാ അർഥത്തിലും പ്രോത്സാഹിപ്പിച്ച ബ്രിജിത്ത് ജോസഫിനെ അധ്യാപകദിനത്തിൽ വീട്ടിലെത്തി കണ്ടത്.
26 വർഷം തുടർച്ചയായി ഒരു സ്കൂളിൽതന്നെ കുട്ടികളോടൊപ്പം സ്നേഹനിധിയായ ടീച്ചർ നിന്നു. 1985ൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപികയായി സേവനം ആരംഭിച്ച ബ്രിജിത്ത് കുട്ടികളുടെ കായികകലാ അഭിരുചികളെ വളർത്താൻ എപ്പോഴുമുണ്ടായിരുന്നു. പിന്നീട് ബി.എഡ് എടുത്ത് അതേ സ്കൂളിൽതന്നെ ഇംഗ്ലീഷും സാമൂഹികപാഠവും പഠിപ്പിച്ചു. പഴയ വിദ്യാർഥികളുടെ ജീവിതത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയും ടീച്ചർ ഇപ്പോഴും ഇവർക്ക് വഴികാട്ടിയാവുകയാണ്. 2011ൽ തത്തംപള്ളി സ്കൂളിൽനിന്ന് വിരമിച്ച ടീച്ചർ പഴയ വിദ്യാർഥികൾക്കായി വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി. കലയോടും സ്പോർട്സിനോടും താൽപര്യമുള്ള ശിഷ്യരെ തിരഞ്ഞുപിടിച്ച് ഗ്രൂപ്പിൽ ചേർത്തു.
മൗത്ത് ഓർഗൻ മനോഹരമായി കൈകാര്യം ചെയ്യുന്ന ബ്രിജിത്ത് ശിഷ്യർക്കും ശിഷ്യരുടെ മക്കൾക്കും സൗജന്യമായി പഠിപ്പിക്കാനും തുടക്കമിട്ടിരിക്കുകയാണ്.