തണ്ണീർമുക്കം ബണ്ട്; അടച്ചിടൽ അശാസ്ത്രീയമെന്ന് കുഫോസ് പഠന റിപ്പോർട്ട്
text_fieldsആലപ്പുഴ: വേമ്പനാട്ട് കായലിന്റെ പാരിസ്ഥിതിക ഘടനയിൽ മാറ്റം വരാൻ കാരണം തണ്ണീർമുക്കം ബണ്ടിന്റെ അശാസ്ത്രീയ അടച്ചിടലാണെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) പഠന റിപ്പോർട്ട്.
ഇക്കാരണത്താൽ തെക്കൻ വേമ്പനാട്ട് കായലിൽ ശുദ്ധജല സാന്നിധ്യവും മധ്യഭാഗത്ത് കടൽജല സാന്നിധ്യവും കൂടുതലാകുന്നുണ്ട്.
മധ്യ വേമ്പനാട്ട് കായലിന്റെ വടക്കൻ പകുതിയിൽ (കൊച്ചി മുതൽ 22 കിലോമീറ്റർ) വേലിയേറ്റം പരിമിതിപ്പെട്ടതിനാൽ കായലിന്റെ തെക്കൻ ഭാഗത്ത് നീരൊഴുക്ക് വലിയതോതിൽ കുറഞ്ഞു.
ബണ്ട് നിർമിച്ച 1973ന് മുമ്പ് തടാകത്തിന്റെ വാട്ടർ റെസിഡൻസ് ടൈം 4.8 മുതൽ 5.5 ദിവസംവരെ ആയിരുന്നുവെങ്കിൽ ഇപ്പോൾ വർഷകാലത്ത് അത് 4.3ഉം മറ്റ് സമയങ്ങളിൽ 12.33ഉം ദിവസവുമാണ്. വെള്ളത്തിന്റെ അളവ് കുറയുന്ന (ഉയർന്ന റെസിഡൻസ്) സമയത്ത് ഖരവസ്തുക്കളുടെ തോതും കളകളുടെ സാന്നിധ്യവും വളർച്ചയും വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്.
തോട്ടപ്പള്ളി സ്പിൽവേയുടെ വടക്കുഭാഗത്ത് 500 മീറ്റർ അടുത്ത് 200 മീറ്റർ നീളമുള്ള ബണ്ട് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. സ്പിൽവേയുടെ തെക്കോട്ട് മഴവെള്ളത്തിന്റെ ഒഴുക്ക് ബണ്ട് തടസ്സപ്പെടുത്തുന്നു. ഇതുമൂലം സ്വാഭാവിക വെള്ളമൊഴുക്കിന്റെ വേഗം നേർപകുതിയായി. 2021 സെപ്റ്റംബറിലെ കണക്കുപ്രകാരം ബണ്ടിന്റെ വടക്ക് 37 സെന്റീമീറ്റർ (സെക്കൻഡ്) വേഗത്തിലായിരുന്നു ഒഴുക്ക്. ബണ്ട് നിർമിച്ചശേഷം ഇത് 18. 8 ആയി കുറഞ്ഞു. വേമ്പനാട്ടുകായൽ നശീകരണത്തെക്കുറിച്ചും കായലിന്റെ ജൈവപരമായ ഉൽപാദനക്ഷമത വീണ്ടെടുക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമാണ് കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാട്ടിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ അഞ്ചുവർഷം നീണ്ട പഠനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

