മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതികൾ പിടിയിൽ
text_fieldsസ്റ്റോയി വർഗീസ്, ബിജു
ചെങ്ങന്നൂർ :മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. തിരുവല്ല നഗരസഭ 24-ാം വാർഡിൽ ദർശനയിൽ സ്റ്റോയി വർഗീസ് (30), കോട്ടയം വൈക്കം തലയാഴം മനക്കച്ചിറയിൽ എം.എസ്. ബിജു (45) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്. ചെങ്ങന്നൂർ കൊഴുവല്ലൂരിൽ പ്രവർത്തിക്കുന്ന ആർ. ഫിനാൻസ് ഉടമ രാജൻ പിള്ളയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞദിവസങ്ങളിൽ 18,16 ഗ്രാം വീതം തൂക്കമുള്ള 916 എന്നും മറ്റും വ്യാജമായി പതിപ്പിച്ച മാലകൾ പണയപ്പെടുത്തി 260,000 രൂപയാണ് വാങ്ങിയെടുത്തത്. പിന്നീട് ഇരുവരും തുക വീതംവെച്ചു.
ഒന്നാം പ്രതിയായ സ്റ്റോയി വർഗീസിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും രണ്ടാം പ്രതിയായ ബിജുവിനെ ഓച്ചിറയിൽ നിന്നുമാണ് പിടികൂടിയത്. സ്റ്റോയ് വർഗീസ് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസിലെ പ്രതിയാണ്. ബിജു മുമ്പും സമാന രീതിയിലുള്ള കേസിലെ പ്രതിയായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ചെങ്ങന്നൂർ സി.ഐ. വിപിൻ, എസ്.ഐമാരായ നന്ദു എസ്.നായർ, എം.ടി. മധുകുമാർ, എ.എസ്.എമാരായ വിനോദ് കുമാർ, ഹരികുമാർ, സി. പി.ഒമാരായ സഞ്ചു, വിവിൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

