ഐ.ടി പ്രഫഷനലിൽനിന്ന് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ
text_fieldsകായംകുളം: പത്തിയൂർ സ്വദേശിയായ ഐ.ടി പ്രഫഷണലിൽ നിന്നും 15.11 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് നീലഗിരി പന്തല്ലൂർ പാട്ടവയൽ മൂന്നനാട് വീട്ടിപ്പടി കാരാടൻ വീട്ടിൽ അർഷിദാണ് (20) പിടിയിലായത്. ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.
കേസിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് ലുക്മാൻ (22), മലപ്പുറം സ്വദേശികളായ വിഷ്ണുജിത്ത് (28 ), അബ്ദുൽ സലാം, അബ്ദുൽ ജലീൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ സ്ഥാപന ഗ്രൂപ്പിന്റെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ് നടത്തിയത്.
ശ്രീനിധി എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽ നിന്നാണ് ഷെയർട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് നൽകി പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും ട്രേഡിങ്ങ് നിക്ഷേപം എന്ന പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയുമായിരുന്നു. അയച്ച പണമോ ലാഭമോ പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പു ബോധ്യമായത്.
തുക പ്രതികൾ എ.ടി.എം മുഖേന പിൻവലിച്ചത് തെളിവായി. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിലും പരാതിപ്പെട്ടതോടെയാണ് അക്കൗണ്ടുകൾ മരവിപ്പിക്കാനും പ്രതികളെ പിടികൂടാനും കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

