ഓൺലൈൻ വഴി കോളജ് പ്രഫസറിൽനിന്ന് 9.45 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
text_fieldsമഹേശ്വരി മനീഷ് ദേവ്ജിഭായ്
ആലപ്പുഴ: ഓൺലൈൻ ഷെയർ ഇടപാട് കമ്പനിയുടെ പേരിൽ ആലപ്പുഴ മുല്ലക്കൽ സ്വദേശിനി കോളജ് പ്രഫസറിൽനിന്ന് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഗുജറാത്ത് കച്ച് ജില്ലയിലെ ഗാന്ധിധാം സ്വദേശിയായ മഹേശ്വരി മനീഷ് ദേവ്ജിഭായ് (21) യാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയിൽ നിന്നും പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി. സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. കഴിഞ്ഞ മാർച്ച് 11 മുതൽ 21 വരെ 9.45 ലക്ഷം രൂപയാണ് പരാതിക്കാരിയിൽ നിന്നും പ്രതികൾ അയച്ചുവാങ്ങിയത്. ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ തുക ടാക്സ് അടക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സി.പി.ഒ വിദ്യയുടെ നേതൃത്വത്തിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് നഷ്ടമായ നാല് ലക്ഷത്തോളം രൂപ തിരിച്ച് പിടിച്ചു. ഇതിൽ 2.37 ലക്ഷം രൂപ പരാതിക്കാരിക്ക് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം തിരികെ ലഭിച്ചു. ബാക്കി തുക തിരികെ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്. 9.45 ലക്ഷം രൂപയിൽ 4.40 ലക്ഷം രൂപ തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ പ്രതിയാണ് മഹേശ്വരി മനീഷ് ദേവ്ജിഭായ്. പ്രതിയുടെ സുഹൃത്തായ സുഹൈൽ താക്കർ എന്നയാളുടെ നിർദേശപ്രകാരമാണ് തന്റെ അക്കൗണ്ടിലേക്ക് പണമയച്ചു വാങ്ങിയതെന്നും ഇതിനായി തനിക്ക് കമ്മീഷൻ കിട്ടിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

