വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഫെയർ
text_fieldsആലപ്പുഴ നഗരചത്വരത്തിൽ സജ്ജീകരിച്ച സപ്ലൈകോ പവിലിയനിലെ തിരക്ക്
ആലപ്പുഴ: സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ ഇല്ലെന്ന പരാതികൾക്ക് ഏറെക്കുറെ പരിഹാരം. പേരുദോഷം ഇല്ലാതാക്കാൻ എല്ലാ സജ്ജീകരണങ്ങളോടുംകൂടി ജില്ല ആസ്ഥാനങ്ങളിൽ ഓണം ഫെയറുകൾ തുടങ്ങിയ സപ്ലൈകോ വമ്പൻ ഓഫറുകളും നൽകുന്നു. ആലപ്പുഴയിൽ ജില്ല കോടതി പാലത്തിന് സമീപം നഗരചത്വരത്തിൽ സപ്ലൈകോ ഒരുക്കിയ ഫെയറിൽ സപ്ലൈകോ സ്റ്റോറുകളിലേതിനെക്കാൾ വലിയ ഓഫറുകളാണുള്ളത്. വൻപയർ ഒഴികെ നിത്യോപയോഗ സാധനങ്ങൾ എല്ലാം ഇവിടെയുണ്ടെന്ന് ഫെയർ ഒരുക്കിയ സപ്ലൈകോ ജില്ല ഉദ്യോഗസ്ഥർ പറഞ്ഞു.
ഒന്നെടുത്താൽ ഒന്ന് ഫ്രീ, ശബരി ബ്രാൻഡിൽ സപ്ലൈകോ പുറത്തിറക്കുന്ന സ്വന്തം ഉൽപന്നങ്ങൾക്ക് 20 മുതൽ 50 ശതമാനംവരെ വിലക്കുറവ് തുടങ്ങിയവയാണ് ഓഫറുകൾ.
മിക്കവാറും കമ്പനികളുടെ എല്ലാത്തരം പൊടികളും ഇവിടെയുണ്ട്. അവക്ക് കോമ്പോ ഓഫറുകളുമുണ്ട്. പൊതുവിപണിയിൽ ഇതേ കമ്പനികളുടെ സാധനങ്ങൾ ലഭിക്കുന്നതിനെക്കാൾ വളരെ വിലക്കുറവിൽ സപ്ലൈകോ ഫെയറിൽ ലഭിക്കും. സപ്ലൈകോ സ്റ്റോറുകളിൽ ശബരി ഉൽപന്നങ്ങൾക്ക് പ്രിന്റ് വിലയെക്കാൾ 10 ശതമാനം കുറവേ ലഭിക്കുകയുള്ളൂ. ഫെയറിൽ വെളിച്ചെണ്ണ ഒരുകിലോയുടെ രണ്ട് പാക്കറ്റ് എടുക്കുന്നവർക്ക് ഒരുപാക്കറ്റ് സൗജന്യമായി നൽകുന്നുണ്ട്. അത് സപ്ലൈകോയുടെ സ്വന്തം ഉൽപന്നമാണ്. അതിനാൽ ഏറ്റവും പരിശുദ്ധവുമാണെന്ന് അധികൃതർ പറഞ്ഞു. വെളിച്ചെണ്ണ ഒരുകിലോ 160 രൂപയാണ്. 320 രൂപ നൽകി രണ്ടുകിലോ വാങ്ങിയാൽ ഒരുകിലോ സൗജന്യമായും ലഭിക്കും. മൂന്നുപാക്കറ്റ് എണ്ണ എടുക്കുമ്പോൾ ഒരു പാക്കറ്റിന് 106 രൂപയെ കിലോക്ക് വിലവരുന്നുള്ളൂ. ആട്ട കിലോ 60 രൂപയാണ്. 120 രൂപ നൽകിയാൽ മൂന്നു കിലോ ലഭിക്കും.
ശബരിയുടെ ചക്കി ഫ്രഷ് ആട്ടയും രണ്ട് എണ്ണം എടുക്കുമ്പോൾ ഒരെണ്ണം ഫ്രീയായി ലഭിക്കും. സാധാരണ ആട്ടയെക്കാൾ വളരെ മൃദുവാണ് ചക്കി ഫ്രഷ് ആട്ട. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വിലക്കയറ്റം നിലനിൽക്കുന്നതിനാൽ സപ്ലൈകോ സ്റ്റോറുകളും ഫെയറും ആൾക്കാർക്ക് വലിയ ആശ്വാസമാകുകയാണ്.
കമ്പനികളുടെ പ്രത്യേക ഓഫറുകളാണ് ഫെയറിന്റെ പ്രത്യേകത. മുളക്, മല്ലി തുടങ്ങിയവയുടെ നിരക്ക് സ്റ്റോറുകളിലും ഫെയറിലും ഒന്നുതന്നെയാണ്. അതേസമയം, അവയുടെ പൊടികളാണ് എടുക്കുന്നതെങ്കിൽ സ്റ്റോറുകളിലേതിനെക്കാൾ വിലക്കുറവ് ഫെയറിലുണ്ട്.
അവക്ക് 30 മുതൽ 35 ശതമാനംവരെ വിലക്കുറവുണ്ട്. ഉഴുന്ന്, പയർ വർഗങ്ങൾ എന്നിവയെല്ലാം വിലക്കുറവിൽ ലഭ്യമാണ്. മിൽമ, ഹോർട്ടികോർപ്പിന്റെ സ്റ്റാളുകൾ എന്നിവയും ഫെയറിലുണ്ട്. മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ഫെയറിൽ ലഭിക്കും. അവർക്കും കോമ്പോ ഓഫറുകളുണ്ട്.
370 രൂപ വിലയുള്ള മിൽമ നെയ്യ് 500 ഗ്രാമിന് 340 രൂപയാണ് ഈടാക്കുന്നത്. 144 രൂപ വിലയുള്ള മിൽക്ക് മേയ്ഡിന് 119 രൂപയെ വിലയുള്ളൂ. ഫെയറിലെ ഹോർട്ടികോർപ് പച്ചക്കറി സ്റ്റാളിൽ വെള്ളിയാഴ്ച മുതൽ സബ്സിഡി നിരക്കിലുള്ള വിൽപന ആരംഭിച്ചു. എല്ലാ ഇനങ്ങളും ഇവിടെ എത്തിയിട്ടുണ്ട്. എയർ കണ്ടീഷൻ ചെയ്ത പവിലിയനിൽ സൂപ്പർ മാർക്കറ്റുകളിലേതുപോലെയാണ് ഇനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
പ്രത്യേക സ്റ്റാളുകളായാണ് മിൽമയും ഹോർട്ടി കോർപ്പും പ്രവർത്തിക്കുന്നത്.
ഹോർട്ടികോർപ്പിന്റെ സ്റ്റാളിൽ നാടൻ പാവക്ക കിലോക്ക് 54, വെണ്ട നാടൻ 34, ഇഞ്ചി 140, തക്കാളി 44, പച്ചമുളക് 60, മുരിങ്ങക്ക 34, ചെറുനാരങ്ങ 86, സവാള 35, ചെറിയ ഉള്ളി 74, ഏത്തൻകായ് നാടൻ 70, ഏത്തപ്പഴം നാടൻ 52, സാലഡ് വെള്ളരി 30, വെളുത്തുള്ളി 178, തേങ്ങ 35 എന്നിങ്ങനെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

