മെഡിക്കൽ കോളജ്: സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് സജ്ജമാകുന്നു; 150 പുതിയ തസ്തിക
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണം പൂർത്തീകരണത്തിലേക്ക്. ശസ്ത്രക്രിയ തിയറ്ററുകളുടെ ഉൾനിർമാണങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ആവശ്യത്തിനുള്ള ഉപകരണങ്ങളുടെ പകുതിയോളമെത്തിയിട്ടുണ്ട്. ഇവ സജ്ജീകരിക്കുന്ന ജോലികളും പുരോഗതിയിലാണ്.
ഇവിടേക്കാവശ്യമായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ 150ലേറെ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്നതോടെ സൂപ്പർ സ്പെഷാലിറ്റി ചികിത്സ തുടങ്ങാനാകും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജനയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 2016ലാണ് ശിലയിട്ടത്. 120 കോടി രൂപ കേന്ദ്രവും 30 കോടി സംസ്ഥാനവും ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ന്യൂറോളജി, ന്യൂറോസർജറി, നെഫ്രോളജി, യൂറോളജി, ജനിറ്റോ യൂറിനറി സർജറി, കാർഡിയോളജി, പ്ലാസ്റ്റിക് സർജറി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോ എൻട്രോളജി എന്നീ ചികിത്സ വിഭാഗങ്ങളാണിതിൽ വരുന്നത്.
50 തീവ്രപരിചരണമടക്കം 250 കിടക്ക, എട്ട് അത്യാധുനിക മോഡുലാർ തിയറ്ററുകൾ, രക്തബാങ്കടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും. സൂപ്പർ സ്പെഷാലിറ്റി ചികിത്സക്ക് മറ്റു മെഡിക്കൽ കോളജുകളെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ടിവരുന്ന ആലപ്പുഴക്കാരുടെ ദുരിതത്തിന് ഇതോടെ പരിഹാരമാകും.
ഏഴു വിഭാഗങ്ങൾ പുതിയ ബ്ലോക്കിലേക്കു മാറുമ്പോൾ നിലവിലുള്ള ആശുപത്രിയിൽ തിക്കും തിരക്കും കുറയും. ഒഴിയുന്ന സ്ഥലം ശേഷിക്കുന്ന ചികിത്സ വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുത്താനാകും. തസ്തിക സൃഷ്ടിക്കലിനായി സമർപ്പിച്ച ശിപാർശ ധനവകുപ്പിന്റെ പരിഗണനയിലാണ്. അംഗീകാരം കിട്ടിയാൽ നിയമനത്തിന് തടസ്സങ്ങൾ നീങ്ങും. ജീവനക്കാരുടെ നിയമനം പൂർത്തിയായാൽ മൂന്നുമാസത്തിനകം സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് തുറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

