സൂര്യകാന്തി വിജയം; കഞ്ഞിക്കുഴിയിൽ ഇനി മുന്തിരിവള്ളി തളിർക്കും
text_fieldsപുതിയ പരീക്ഷണത്തിന് ഒരുങ്ങുന്ന സുജിത്ത് മുന്തിരിവള്ളികളുമായി
മാരാരിക്കുളം: കഞ്ഞിക്കുഴിയിൽ ഇനി മുന്തിരിവള്ളികൾ തളിർക്കും. നാട്ടുകാർക്കും സഞ്ചാരികൾക്കും സൂര്യകാന്തി വസന്തം സമ്മാനിച്ച യുവകർഷകൻ സ്വാമിനികത്തിൽ എം.എസ്. സുജിത്താണ് കാഴ്ചക്കാർക്ക് വിരുന്നൊരുക്കാൻ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. കഞ്ഞിക്കുഴി ആറാം വാർഡ് പുത്തമ്പലത്തെ ഒരേക്കറിൽ 200 ചുവട് മുന്തിരിവള്ളികളാണ് നടുന്നത്. അര ഏക്കറിൽ നടീൽ പൂർത്തീകരിച്ചു. ബംഗളൂരുവിൽനിന്ന് സുഹൃത്തുക്കൾ വഴിയാണ് തൈകൾ എത്തിച്ചത്.
മുന്തിരികൃഷിയിൽ മുൻ പരിചയമില്ലെങ്കിലും ഉള്ളിയിലും സൂര്യകാന്തിയിലും വിപ്ലവം തീർത്ത സുജിത്തിന് ഇതിലും പൂർണ ആത്മവിശ്വാസം ഉണ്ട്. ഇപ്പോൾ തെൻറ സൂര്യകാന്തിപ്പാടത്തെ പൂവുകൾ ഉണക്കിപ്പൊടിക്കുന്ന ജോലികളുടെ തിരക്കിലാണ് സുജിത്ത്. പൂവുകളുടെ കായ് ശേഖരിച്ചശേഷം ഡ്രയർ ഉപയോഗിച്ചാണ് ഉണക്കൽ. മില്ലിൽ എത്തിച്ച് ആട്ടിയാണ് സൂര്യകാന്തി എണ്ണ എടുക്കുക. അമ്പത് കിലോയോളം എണ്ണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്തായാലും വിളവെടുപ്പിന് മുമ്പേ സൂര്യകാന്തി കൃഷി ലാഭമായതിെൻറ ആവേശത്തിലാണ് സുജിത്ത്. സമീപജില്ലകളിൽനിന്നുള്ളവരും വിദേശ വിനോദസഞ്ചാരികളുമുൾെപ്പടെ ആയിരക്കണക്കിന് പേർ സൂര്യകാന്തിപ്പാടം സന്ദർശിച്ചിരുന്നു. അനേകം ആൽബങ്ങൾക്കും വിഡിയോകൾക്കും സൂര്യകാന്തിപ്പാടം വേദിയായി.
മികച്ച യുവകർഷകനുള്ള സർക്കാറിെൻറ അവാർഡ് നേടിയിട്ടുള്ള സുജിത്ത് വ്യത്യസ്ത കൃഷികളിലൂടെ പരീക്ഷണത്തിന് കാട്ടുന്ന ധൈര്യം മാതൃകപരമാണ്. അധികൃതരുടെ പ്രോത്സാഹനവും പിന്തുണയും ഉണ്ട്. നടീൽ ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡൻറ് എം. സന്തോഷ് കുമാർ, ഇന്ദിര തുടങ്ങിയവർ പങ്കെടുത്തു.