ബസിൽനിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്
text_fieldsആലപ്പുഴ തിരുവമ്പാടിയിൽ സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുമ്പ് മുന്നോട്ടെടുത്ത സ്വകാര്യബസിൽനിന്ന് വിദ്യാർഥിനി
തെറിച്ചുവീണതിന്റെ സി.സി.ടി.വി ദൃശ്യം
ആലപ്പുഴ: സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുമ്പ് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് എൻജീനിയറിങ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു. അപകടമുണ്ടാക്കിയ ആലപ്പുഴ-കഞ്ഞിപ്പാടം റൂട്ടിലോടുന്ന അൽഅമീൻ ബസിലെ ഡ്രൈവർ ജയകുമാർ, കണ്ടക്ടർ സുഭാഷ് എന്നിവർക്കെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തത്.
സംഭവത്തിന് പിന്നാലെ മോട്ടോർ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ. അങ്ങനെയാണെങ്കിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കും. അപകടമുണ്ടാക്കിയ ബസ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് എം.വി.ഡി വിശദീകരണം തേടി.
തിങ്കളാഴ്ച ഇവരുടെ വിശദീകരണം കൂടി കേട്ടശേഷമേ നടപടികളിലേക്ക് കടക്കൂ. എന്നാൽ, വിദ്യാർഥിനി ഇറങ്ങുന്ന സമയത്ത് ബസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളാണ് ഡബിൾ ബെല്ലടിച്ചതെന്നും അതുകേട്ട് ബസ് എടുത്തപ്പോഴാണ് അപകടമെന്നുമാണ് ബസ് ജീവനക്കാരുടെ വിശദീകരണം. ഇക്കാര്യവും പൊലീസ് പരിശോധിക്കും.
വെള്ളിയാഴ്ച വൈകീട്ട് 3.20ന് വലിയ ചുടുകാട് ജങ്ഷനും തിരുവമ്പാടി ജങ്ഷനും മധ്യേയായിരുന്നു അപകടം. അപകടത്തിൽ തിരുവമ്പാടി അശ്വതിയിൽ റിട്ട. സി.ഐ വിനയകുമാറിന്റെ മകൾ പുന്നപ്ര സഹ. എൻജിനീയറിങ് കോളജിലെ അവസാനവർഷ ബി.ടെക് സിവിൽ വിദ്യാർഥിനി ദേവീകൃഷ്ണക്കാണ് (23) പരിക്കേറ്റത്. വിദഗ്ധ ചികിത്സക്ക് എറണാകുളത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.
കോളജ് വിട്ടശേഷം വീട്ടിലേക്ക് പോകാനാണ് സകാര്യബസിൽ കയറിയത്. ഇതിനിടെ, കേടായ മറ്റൊരു ബസിലെ യാത്രക്കാരും ഈബസിൽ കയറിയിരുന്നു. തിരക്കേറിയതിനാൽ ഇറങ്ങാനുള്ള സ്റ്റോപ്പായ വലിയ ചുടുകാട് ജങ്ഷൻ എത്തിയപ്പോൾ ബസ് നിർത്തിയില്ല. യാത്രക്കാർ ബഹളംവെച്ചതോടെ അൽപം മാറ്റി വാഹനം വേഗം കുറച്ച് വാതിൽ തുറന്നു.
ഇതോടെ ഇറങ്ങാൻ തുടങ്ങിയപ്പോൾ ബസ് പെട്ടെന്ന് മുന്നോട്ടെടുത്തു. ദേവീകൃഷ്ണ പുറത്തേക്ക് തെറിച്ചുവീണ് റോഡിലെ വൈദ്യുതി തൂണിൽ തലയിടിക്കുകയായിരുന്നു. വീഴ്ചയിൽ ബോധം മറഞ്ഞിട്ടും ബസ് നിർത്താൻ തയാറായില്ല. പിന്നാലെ വന്ന കാറിലെത്തിയ യുവാവാണ് ദേവീകൃഷ്ണയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

