കായലിൽ വേലിയിറക്കം ശക്തം; അരൂർ-കുമ്പളങ്ങി ചങ്ങാട സർവിസ് പ്രതിസന്ധിയിൽ
text_fieldsസർവീസ് ഭാഗികമായി നിലച്ച അരൂർ-കുമ്പളങ്ങി സർവിസ് നടത്തുന്ന ബോട്ട് ചങ്ങാടം
അരൂർ: കുമ്പളങ്ങിക്കായലിൽ എക്കലും ചളിയും വലിയതോതിൽ അടിഞ്ഞത് ബോട്ട് ഗതാഗതത്തിന് തടസ്സമാകുന്നു. ഇതേതുടർന്ന് അരൂർ-കുമ്പളങ്ങി ചങ്ങാട സർവിസ് ഭാഗികമായി നിലച്ചു. ഉച്ചക്കുശേഷമുള്ള വേലിയിറക്കത്തിൽ കായൽ വെള്ളത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞത് സർവിസിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കായലിന്റെ ആഴം കുറഞ്ഞത് ബോട്ട് ചളിയിൽ പുതഞ്ഞുനിലക്കുന്ന അവസ്ഥയിൽ എത്തിയതോടെ ഉച്ചയോടെ സർവിസ് നിർത്തിവെക്കേണ്ട അവസ്ഥയാണ്.
അഞ്ചു ദിവസമായി രാവിലെ ആരംഭിക്കുന്ന ബോട്ട് ചങ്ങാട സർവിസ് ഉച്ചയോടെ അവസാനിപ്പിക്കേണ്ട ഗതികേടിലാണ് ജീവനക്കാർ. ചങ്ങാടത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാർ എഴുപുന്ന വഴിയും ഇടക്കൊച്ചിവഴിയും മറ്റു മാർഗങ്ങൾ തേടുകയാണ്. അരൂർ-തുറവൂർ ഉയരപ്പാത നിർമാണം ദേശീയപാത വഴിയുള്ള സഞ്ചാരം ക്ലേശപൂർണമാക്കിയിരിക്കുകയാണ്. കുമ്പളങ്ങി-അരൂർ പാലം നിർമാണവുമായി ബന്ധപ്പെട്ട് കെൽട്രോൺ-കുമ്പളങ്ങി സർവിസ് നടത്തിയിരുന്ന ബോട്ട് ചങ്ങാടം കഴിഞ്ഞിടെയാണ് അമ്മനേഴം-ജനത കടത്തിലേക്ക് മാറ്റിയത്.
പുതിയ സർവിസ് ആരംഭിക്കുന്നതിനുവേണ്ടി കായലിന്റെ ആഴം കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ, തീരപ്രദേശത്തിന്‍റെ കായലിന്റെ ആഴക്കുറവ് ബോട്ട് സർവിസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വർഷങ്ങളായി സർവിസ് ഇല്ലാതെ കിടന്ന ബോട്ട്ജെട്ടിയും കടത്തുകടവും ഇനിയും ആഴം കൂട്ടേണ്ടിവരും. പുതിയ ഭരണസമിതി പഞ്ചായത്തുകളിൽ അധികാരം ഏൽക്കുന്നതുവരെ കാത്തിരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

