ആലപ്പുഴ ബീച്ച് സുരക്ഷിതമാക്കാൻ കര്‍ശന നടപടി -ജില്ല വികസന സമിതി
text_fieldsആലപ്പുഴ ബീച്ച്
ആലപ്പുഴ: അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കാനും ലഹരിമരുന്ന് വില്പന, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടഞ്ഞ് ആലപ്പുഴ ബീച്ച് സുരക്ഷിതമാക്കാനും ജില്ലയിലെ അനധികൃത നിലംനികത്തലിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ജില്ല വികസന സമിതി യോഗത്തില്‍ തീരുമാനം.
ബീച്ചും പരിസരപ്രദേശങ്ങളും ലഹരിമരുന്ന് ഉപയോഗം, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കേന്ദ്രമായി മാറുന്നുണ്ടെന്നും ജില്ല കലക്ടര്‍, പൊലീസ്, എക്സൈസ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പി.പി. ചിത്തരഞ്ജന് എം.എൽ.എ നിര്‍ദേശിച്ചു. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുമാത്രമേ ബീച്ചില്‍ കടകള്‍ക്ക് അനുമതി നല്‍കാവൂ എന്നും മാലിന്യം വലിച്ചെറിയുന്നത് തടയണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കടകളുടെ ഭാഗമായുള്ള അനധികൃത നിര്‍മാണങ്ങള്‍ പോര്‍ട്ട് അധികൃതര്‍ ഒഴിപ്പിക്കണമെന്ന് എച്ച്. സലാം എം.എൽ.എ ആവശ്യപ്പെട്ടു.
ലഹരിമരുന്നുപയോഗവും അനാശാസ്യപ്രവര്‍ത്തനങ്ങളും വ്യാപകമെന്ന പരാതിയില്‍ പൊലീസ്, എക്സൈസ്, നാര്‍ക്കോട്ടിക് സെല്‍ എന്നിവരുടെ സംയുക്തസംഘം ഉടന്‍ ബീച്ചില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍ദേശിച്ചു. ലൈസന്‍സ് നല്കിയ കടകളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താന്‍ പോര്‍ട്ട് ഓഫിസറെ ചുമതലപ്പെടുത്തി.
ആലപ്പുഴ പട്ടണത്തിലടക്കം വ്യാപകമായി നിലംനികത്തല്‍ നടക്കുന്നതായും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും എച്ച്. സലാം പറഞ്ഞു. അനധികൃതമായി നിലം നികത്തുന്നവര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാനും തീരുമാനിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി. എ.സി റോഡിലെ മേല്പാലങ്ങളുടെ ടാറിങ് ഉടൻ ആരംഭിക്കാനും റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാനും തോമസ് കെ. തോമസ് എം.എൽ.എ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രമേശ് ചെന്നിത്തല എം.എൽ.എയുടെയും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെയും പ്രതിനിധികള്‍, കായംകുളം നഗരസഭ ചെയര്‍പെഴ്സണ്‍ പി. ശശികല എന്നിവരും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ചങ്ങനാശ്ശേരി റോഡില്‍ കൈതവന ഭാഗത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി സിഗ്നൽ സ്ഥാപിക്കുന്നതിന് കെല്‍ട്രോണിന് പര്‍ച്ചേസ് ഓഡര്‍ നല്‍കിയതായും മാര്‍ച്ച് 15 ഓടെ സിഗ്നല്സ്ഥാപിക്കല് ആരംഭിക്കുമെന്നും കെ.സി. വേണുഗോപാല്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഹൗസ് ബോട്ട് ടെര്‍മിനലുകളിലൊന്നായ അരൂക്കുറ്റി ടെര്‍മിനല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച ടൂറിസം ഡെ. ഡയറക്ടറുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങിയതായി രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നിര്‍മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജിയോബാഗ് സംവിധാനം സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കിയതായി ജലസേചന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഹരിപ്പാട് മണ്ഡലത്തില്‍ ജലജീവന്‍ മിഷനുവേണ്ടി പൊളിച്ച റോഡുകള്‍ സംയുക്തപരിശോധന നടത്തി ഒരു മാസത്തിനുള്ളിൽ പുനഃസ്ഥാപിക്കണമെന്ന് വാട്ടര്‍ അതോറിറ്റി പ്രൊജക്ട് മാനേജര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. കുട്ടനാട്ടിലെ ഉച്ചവേലിയേറ്റം തടയുന്നതിന് സെന്‍സറുള്ള ഷട്ടറുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കാനും നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

