മാന്നാർ: പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി ഉപജീവനത്തിനായി മീൻ വളർത്തലും മുട്ടക്കോഴി കൃഷിയും ആരംഭിച്ച 62കാരെൻറ മുപ്പതോളം കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. 38 എണ്ണം ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിൽ. ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കുരട്ടിക്കാട് പുളിക്കാശ്ശേരി പട്ടമുക്കിൽ പുത്തൻവീട്ടിൽ വർഗീസ് ചെറിയാെൻറ ഗിരിരാജൻ ഇനത്തിൽപെട്ട മുട്ടക്കോഴികളാണ് ചത്തത്. ചൊവ്വാഴ്ച പുലർച്ച നാലിനാണ് സംഭവം. വർഗീസിെൻറ മുട്ടയിടുന്ന 68 കോഴികളാണ് ആക്രമണത്തിന് ഇരയായത്.
മുട്ട ഇടാൻ പ്രായമായവയെ നാലുമാസം മുമ്പ് 300 രൂപ നിരക്കിലാണ് വാങ്ങിയത്. ഇരുമ്പുവേലി ഉപയോഗിച്ച് നിർമിച്ച കോഴിക്കൂട് തകർത്താണ് നായ്ക്കൾ അകത്ത് കയറിയത്. ഓട്ടോമാറ്റിക് ഡ്രിപ്പിങ് സിസ്റ്റത്തിനു ഉപയോഗിച്ചിരുന്ന പൈപ്പുകൾ വരെ ഇവ കടിച്ചുപൊട്ടിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ വർഗീസ് ചെറിയാൻ പറഞ്ഞു.