ഓഹരി വിപണി നിക്ഷേപം; വയോധികന്റെ 19.62 ലക്ഷം കവർന്നു
text_fieldsആലപ്പുഴ: ഓഹരി വിപണിയിൽ വൻലാഭം വാഗ്ദാനം നൽകി വയോധികനിൽനിന്ന് 19.62 ലക്ഷം കവർന്നു. മാരാരിക്കുളം സ്വദേശിയായ 85കാരനാണ് തട്ടിപ്പിനിരയായത്.
ഡിസംബർ 15ന് ഷെയർ ട്രേഡിങുമായി ബന്ധപ്പെട്ട് യൂടുബിൽ കണ്ട വിഡിയോയിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. വിഡിയോയിലെ ലിങ്കിൽ വിവരങ്ങൾ നൽകിയതോടെ തട്ടിപ്പുകാർ ഫോണിലും മെയിലിലും ബന്ധപ്പെട്ടു. ബി.എക്സ്.ബി മാർക്കറ്റ് എന്ന ഷെയർ ട്രേഡിങ് ഗ്രൂപിന്റെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ വ്യക്തി അയച്ചുനൽകിയ ലിങ്കിൽനിന്ന് വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റൾ ചെയ്യുകയായിരുന്നു. തുടർന്ന് ഡിസംബർ 16 മുതൽ ഫെബ്രുവരി രണ്ട് വരെയുള്ള ദിവസങ്ങളിൽ 17 തവണയായി 19,62,768 രൂപ നിക്ഷേപിച്ചു.
വ്യാജ ട്രേഡിങ് ആപ്പിൽ നിക്ഷേപവും ലാഭവും കൃത്രിമമായി കാണിച്ചാണ് തട്ടിപ്പുകാർ വയോധികന്റെ വിശ്വാസം നേടിയത്. പിന്നീട് നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നു. തട്ടിപ്പുകാരെ ബന്ധപ്പെട്ടപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ടു.
ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. വയോധികന്റെ പണം എത്തിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന് കൈമാറി. വയോധികന്റെ പരാതിയിൽ കേസെടുത്ത ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

