ആലപ്പുഴ നഗരത്തിൽ തെരുവുനായ്ക്കൾ അപ്രത്യക്ഷമായി
text_fieldsആലപ്പുഴ: നഗരത്തിൽ അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ കൂട്ടത്തോടെ കാണാനില്ലെന്ന് പരാതി. കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് നഗരസഭയുടെ നിർദേശം. മൃഗസ്നേഹിയും സന്നദ്ധപ്രവർത്തകയുമായ പ്രീതി ജേക്കബാണ് പരാതി നൽകിയത്.
ആലപ്പുഴ നഗരസഭ പവർഹൗസ് വാർഡിലെ മട്ടാഞ്ചേരി പാലത്തിന് സമീപത്തുനിന്ന് കാണാതായ 12 തെരുവ് നായ്ക്കളെ കണ്ടെത്തണമെന്നാണ് ആവശ്യം. ഇതിൽ ഒരു നായ് അവശനിലയിലായിരുന്നു. അതിനെയും കാണാതായി. പ്രദേശത്ത് സ്ഥിരമായി തമ്പടിക്കാറുള്ള ഇവക്ക് പതിവായി ഭക്ഷണവും നൽകാറുണ്ട്. ഇതിനിടെയാണ് നായ്ക്കൾ ആപ്രത്യക്ഷമായത്.
കഴിഞ്ഞമാസമാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. എന്നാൽ, നഗരസഭ നടത്തിയ അന്വേഷണത്തിൽ കാണാതായ നായ്ക്കളെ കണ്ടെത്താനായില്ല. തുടർന്നാണ് ആരോഗ്യപ്രവർത്തകർ മുന്നിട്ടിറങ്ങി നായ്ക്കളെ കണ്ടെത്തണമെന്ന നിർദേശം നൽകിയത്. പ്രദേശത്തിന്റെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർ കീഴിലുള്ള ആരോഗ്യപ്രവർത്തകരോടാണ് നിർദേശം. ഇതുസംബന്ധിച്ച് വിശദറിപ്പോർട്ടും തയാറാക്കിയിട്ടുണ്ട്.
കനാൽകരയിൽ പണി നടക്കുന്നതിനാൽ മറ്റെവിടെയെങ്കിലും ഓടിപ്പോകാനുള്ള സാധ്യതയുണ്ടെന്നും നിലവിൽ നഗരസഭപരിധിയിൽ തെരുവ് നായ്ക്കൾ ചത്തിട്ടില്ലെന്നുമാണ് നഗരസഭയുടെ പ്രാഥമിക വിലയിരുത്തൽ. അതേസമയം, പ്രദേശത്ത് പല നായ്ക്കളെയും നേരത്തെ ചത്തനിലയിൽ കണ്ടെത്തിയതായി പരാതിക്കാരി പറയുന്നു. പോസ്റ്റ്മോർട്ടത്തിൽ വിഷംനൽകി കൊന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കാണാതായ നായ്ക്കളെ വിഷംനൽകി കൊന്നതാണെന്നും ജഡം കണ്ടെത്തി പോസ്റ്റുമോർട്ടം നടത്തിയ മരണകാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

